Press Club Vartha

കല്ലട അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശിയും പാങ്ങോട് സ്വദേശിയും

കൊല്ലം: തെന്‍മല കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു. വിനോദ സഞ്ചാരി സംഘത്തിലെ ഒരാളും മറ്റൊരാളുമാണ് മുങ്ങിമരിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടുഭാഗങ്ങളിലായാണ് യുവാക്കള്‍ കുളിക്കാനിറങ്ങിയിരുന്നത്. തമിഴ്‌നാട് സ്വദേശി പി.തവമുനി(36), തിരുവനന്തപുരം പാങ്ങോട് സ്വദേശി അന്‍സന്‍ല മന്‍സിലില്‍ അര്‍ഷിദ് (20) എന്നിവരാണു മരിച്ചത്. തവമുനി കളങ്കുന്ന് ഭാഗത്തും അര്‍ഷിദ് കുളത്തൂപ്പുഴ നെടുവെണ്ണൂര്‍ക്കടവ് പൂമ്പാറ ഭാഗത്തുമാണ് കുളിക്കാനിറങ്ങിയിരുന്നത്. തവമുനി തമിഴ്‌നാട് റെയില്‍വേ മധുര ഡിവിഷന്‍ ട്രാക്ക് മെയ്ന്റനന്‍സ് ജീവനക്കാരനാണ്.

തെന്മല ഇക്കോ ടൂറിസത്തില്‍ രണ്ട് ദിവസത്തെ ക്യാംപിന് എത്തിയതായിരുന്നു 26 അംഗ സംഘം. റെയില്‍വേ സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംഘം അണക്കെട്ടിന്റെ ഭാഗത്ത് സവാരി നടത്തുന്നതിനിടെ നാലു പേര്‍ അണക്കെട്ടില്‍ കുളിക്കാനിറങ്ങി. മൂന്നു പേര്‍ നീന്തി കരയ്ക്കു കയറിയപ്പോള്‍ തവമുനി അണക്കെട്ടിലെ ആഴത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

വനപാലക സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. പ്രീതി രഞ്ജിനിയാണ് തവമണിയുടെ ഭാര്യ. നെടുവെണ്ണൂര്‍ക്കടവ് ഭാഗത്ത് 3 സുഹൃത്തുക്കളുമായി കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അര്‍ഷിദ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ നീന്തി രക്ഷപ്പെട്ടു. അര്‍ഷിദിന്റെ മൃതദേഹം വിദഗ്ധ സംഘമെത്തി മുങ്ങിയെടുക്കുകയായിരുന്നു. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു.

Share This Post
Exit mobile version