Press Club Vartha

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം; വ്യാപാരി നേതാവിനെതിരെ കേസ്

ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വ്യാപാരി നേതാവിനെതിരെ കേസ്. കൊല്ലം സ്വദേശിനിയായ ഇരുപത്തഞ്ചുകാരിയുടെ പരാതിയില്‍ വ്യാപാര വ്യവസായി ഏകോപന സമിതി നേതാവ് സിനില്‍ സവാദിനെതിരെ കായംകുളം പൊലീസ് കേസെടുത്തു. പ്രതിയെ നോട്ടീസ് നല്‍കി വിട്ടയച്ചു. ഏപ്രില്‍ നാലിന് അര്‍ധരാത്രി കായംകുളം കെപിഎസി ജംഗ്ഷനിലായിരുന്നു അപകടം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പരാതിക്കാരിയായ യുവതിയും കൂട്ടുകാരിയും ഭര്‍ത്താവും രണ്ടു മക്കളും മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കെപിഎസി ജംഗ്ഷനില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. അപകടം കണ്ട് ഓടിയെത്തിയവരില്‍ സിനില്‍ സവാദും ഉണ്ടായിരുന്നു. ഇയാളും മറ്റ് ആളുകളും ചേര്‍ന്ന് മറ്റൊരു പെട്ടി ഓട്ടോറിക്ഷയില്‍ പരാതിക്കാരിയായ യുവതിയെയും കുട്ടികളെയും കയറ്റി. അതിനിടെ കക്ഷത്തിലൂടെ കൈയിട്ട് മാറിടത്തില്‍ സ്പര്‍ശിച്ചെന്നാണ് യുവതി നല്‍കിയ പരാതിയിലുള്ളത്.

പിന്നെയും രണ്ടും മൂന്നും തവണ ലൈംഗികാതിക്രമം കാട്ടിയെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ ആദ്യഘട്ടത്തില്‍ ചോദ്യംചെയ്തെങ്കിലും മനപ്പൂര്‍വ്വമല്ല രക്ഷാപ്രവര്‍ത്തനത്തിനിടെ സംഭവിച്ചതാണ് എന്നായിരുന്നു സവാദിന്റെ വാദം. പൊലീസ് കേസെടുത്തെങ്കിലും മതിയായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല എന്ന് യുവതി ആരോപിക്കുന്നു.

അതേസമയം, അതിക്രമം നടക്കുന്ന സമയം പ്രതികരിക്കാനുള്ള ശേഷി പോലുമില്ലായിരുന്നെന്നും പരാതി നല്‍കാതിരിക്കാന്‍ പ്രതിയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്തെന്നും യുവതി പിന്നീട് വെളിപ്പെടുത്തി. ശരീരത്തിലെ മുറിവുകള്‍ കണ്ട് ഡോക്ടര്‍ ചോദിച്ചെന്നും പൊലീസില്‍ നിന്നുണ്ടായത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണെന്നും രഹസ്യമൊഴി രേഖപ്പെടുത്താനോ വൈദ്യപരിശോധന നടത്താനോ പൊലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു.

Share This Post
Exit mobile version