Press Club Vartha

വൈറല്‍ കുംഭമേള താരത്തിന്റെ യഥാര്‍ത്ഥ വയസ്സെത്ര..? രണ്ട് ജനന സര്‍ട്ടിഫിക്കറ്റ്; വ്യത്യസ്ത തിയ്യതികള്‍; ആകെ ആശയക്കുഴപ്പം

തിരുവനന്തപുരം: കേരളത്തിലെത്തി മിശ്ര വിവാഹിതരായതിലൂടെ വിവാദത്തിലായ വൈറല്‍ കുംഭമേള താരമായ പെണ്‍കുട്ടിയുടെ വിവാഹവും ജനന തീയതിയും സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. ആദ്യം പെണ്‍കുട്ടിയും വരനും ഹാജരാക്കിയതും പിന്നീട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹാജരാക്കിയതും അടക്കം രണ്ട് ഔദ്യോഗിക ജനന രേഖകളാണ് പെണ്‍കുട്ടിക്കുള്ളത്. രണ്ടിലും രണ്ട് തിയ്യതിയായതോടെ വയസ്സ് സംബന്ധിച്ചുള്ള ആശയക്കുഴപ്പം തീരുന്നില്ല. ആദ്യത്തെ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിയുടെ ജനന തിയ്യതി 1.1.2008 ആണ്. ഇതനുസരിച്ച് പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായി. എന്നാല്‍, രണ്ടാമത്തെ സര്‍ട്ടിഫിക്കറ്റില്‍ തിയ്യതി 2009 ഡിസംബര്‍ 30 ആണ്. ഇതുപ്രകാരം 17 വയസ്സാണ് പെണ്‍കുട്ടിയുടെ പ്രായം. ഇതോടെ ഇതുസംബന്ധിച്ച വിവാദം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

മാതാപിതാക്കളുടെ വാക്ക് വിശ്വസിച്ചാണ് ആദ്യം അധികൃതര്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആശുപത്രി രേഖകളുടെ അടിസ്ഥാനത്തില്‍ വിവാഹശേഷം മറ്റൊരു ജനന സര്‍ട്ടിഫിക്കറ്റും നല്‍കി. ഇവ രണ്ടും രണ്ടു തരത്തിലാണെന്നും യഥാര്‍ത്ഥത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നുമാണ് നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സിന്റെ (എന്‍സിഎസ്ടി) അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. അതേസമയം, പ്രായം സംബന്ധിച്ച ആധികാരിക രേഖയായി പരിഗണിക്കപ്പെടാത്ത ആധാര്‍ കാര്‍ഡ് മാത്രം നോക്കിയാണ് വിവാഹനടപടികള്‍ അധികൃതര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്ത തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുന്നതില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടാകും.

മാര്‍ച്ച് 11ന് തിരുവനന്തപുരം പൂവാര്‍ ക്ഷേത്രത്തില്‍ വിവാഹം നടക്കുമ്പോള്‍ അവരുടെ പക്കലുണ്ടായിരുന്ന ജനനസര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമായിരുന്നുവെന്നും അതിലെ ജനനത്തീയതി 1-1-2008 ആയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. 2025 ജൂണില്‍ പെണ്‍കുട്ടിയുടെ അമ്മ ജനന സര്‍ട്ടിഫിക്കറ്റിനായി പെണ്‍കുട്ടിയുടെ അമ്മ അപേക്ഷ നല്‍കുമ്പോള്‍ പറഞ്ഞു കൊടുത്ത തിയ്യതിയാണ് 2008 ജനുവരി 1. ഈ വാക്ക് വിശ്വസിച്ചാണ് തഹസില്‍ദാറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ തിയ്യതി ഔദ്യോഗികമാക്കി ജനന, മരണ റജിസ്ട്രാര്‍ ഡിജിറ്റല്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിവാഹത്തിന്റെ അടുത്ത ദിവസം വാര്‍ത്താസമ്മേളനം നടത്തിയപ്പോഴും പെണ്‍കുട്ടിയും യുവാവും ഹാജരാക്കിയതും ഈ ജനന സര്‍ട്ടിഫിക്കറ്റാണ്.

എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനു ശേഷം മാര്‍ച്ച് 18ന് വീണ്ടും ജനനത്തീയതി സംബന്ധിച്ച് തര്‍ക്കം ഉന്നയിക്കുകയായിരുന്നു. കുടുംബാംഗങ്ങളോട് അന്വേഷിച്ചപ്പോള്‍ മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടി ജനിച്ചതെന്ന് പിതാവ് ജയ്സിങ് തിരിച്ചറിഞ്ഞതു പ്രകാരം മഹേശ്വര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് രേഖകള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയിലെ ജനന റജിസ്റ്ററില്‍ പെണ്‍കുട്ടി ജനിച്ചത് 2009 ഡിസംബര്‍ 30ന് വൈകിട്ട് 5.50നാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിതാവ് തിരുത്തല്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും ചെയ്തു.

പുതിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം വിവാഹസമയത്ത് പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും ആ സാഹചര്യത്തില്‍ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നുമാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചുള്ള ആശയക്കുഴപ്പം മൂലം മഹേശ്വര്‍ പൊലീസ് ഇതുവരെ പോക്സോ ചുമത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Share This Post
Exit mobile version