Press Club Vartha

‘കേരളം യുഡിഎഫ് ജയിക്കട്ടെ, കെ.സി നയിക്കട്ടെ’; കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് സുധാകരന്‍

കണ്ണൂര്‍: കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ പോന്ന പ്രസ്താവനയുമായി കെ.സുധാകരന്‍ എം.പി. കെ.സി വേണുഗോപാല്‍ കേരള രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങി എത്തണമെന്നും കേരളത്തെ നയിക്കണമെന്നുമാണ് കെ.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. തെരഞ്ഞെടുപ്പ് ഫലം പോലും വരുന്നതിനു മുന്‍പ് കെ.സി വേണുഗോപാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇതുവഴി തുടക്കമിട്ടിരിക്കുകയാണ് കെ.സുധാകരന്‍. കേരള രാഷ്ട്രീയത്തില്‍ വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതായി സുധാകരന്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെ.സി വേണുഗോപാല്‍. ദേശീയതലത്തില്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനുമാണ്. പക്ഷേ, അപ്പോഴും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കെ.സി കാട്ടിയ നേതൃപാവം അതുല്യമായിരുന്നു. അതുകൊണ്ട് തന്നെ കേരള രാഷ്ട്രീയത്തില്‍ വേണുഗോപാലിന്റെ സാന്നിധ്യം എത്രത്തോളം അനിവാര്യമാണെന്ന് ഈ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ ഉണര്‍ത്താനും സ്ഥാനാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകരാനും അദ്ദേഹത്തിന് കഴിഞ്ഞതായും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ. കരുണാകരന്‍, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ മഹാരഥന്മാരായ നേതാക്കളുടെ പാത പിന്തുടര്‍ന്ന് കേരളത്തെ നയിക്കാന്‍ കെ.സി. വേണുഗോപാലിന് സാധിക്കുമെന്ന ആത്മവിശ്വാസം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു നേതാവിന്റെ മഹത്വം പദവികളിലല്ല, പ്രവര്‍ത്തന പാരമ്പര്യത്തിലാണെന്നും താഴെത്തട്ടില്‍ നിന്ന് വളര്‍ന്നുവന്ന കെ.സിക്ക് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാന്‍ കഴിയൂ എന്നും സുധാകരന്‍ കുറിച്ചു. പ്രതിസന്ധികളിലെ ഉറച്ച നിലപാടും പ്രവര്‍ത്തകരോടുള്ള വിനയവുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. വെറുമൊരു നേതാവ് എന്നതിലുപരി പ്രവര്‍ത്തകരുടെ സഹയാത്രികനായി നില്‍ക്കാന്‍ കഴിയുന്നതാണ് അദ്ദേഹത്തിന്റെ കരുത്തെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version