Press Club Vartha

മോഡലിംഗിന്റെ മറവില്‍ സെക്‌സ് റാക്കറ്റും മനുഷ്യക്കടത്തും; മുഖ്യപ്രതി സിന്ധുവിനെ കൊച്ചിയിലെത്തിച്ചു

കൊച്ചി: മോഡലിംഗിന്റെ മറവില്‍ പെണ്‍കുട്ടികളെ ദുബായിലേക്ക് കടത്തി സെക്‌സ് റാക്കറ്റിന് കൈമാറുകയും പീഡനത്തിന് കൂട്ടുനില്‍ക്കുകയും ചെയ്ത യുവതികളില്‍ പ്രധാന പ്രതിയെ കൊച്ചിയിലെത്തിച്ചു. കേസിലെ മുഖ്യപ്രതിയും മനുഷ്യക്കടത്തിന്റെ ആസൂത്രകയുമായ സിന്ധുവിനെയാണ് മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മുംബൈ വഴി ഡല്‍ഹിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസമാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് സന്ധുവിനെ കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച കൊച്ചിയിലെത്തിച്ച സിന്ധുവിനെ മരട് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യും. സിന്ധുവിനായി കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിന്ധു പിടിയിലായത്.

നടന്നത് ക്രൂരവും സംഘടിതവുമായ കുറ്റകൃത്യമാണെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ പറഞ്ഞു. ഇരകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ലെന്നും ഗുണ്ടാ ബന്ധത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിന്ധുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

മോഡലിംഗിന്റെ മറവില്‍ മലയാളി പെണ്‍കുട്ടികളെ ദുബായിലെത്തിക്കുകയും വിദേശ സെക്സ് റാക്കറ്റിന് കൈമാറി ക്രൂര പീഡനത്തിന് ഇരകളാക്കുകയും ചെയ്‌തെന്നാണ് കേസ്. മോഡലിംഗ് കെണി ആസൂത്രണം ചെയ്തതും പെണ്‍കുട്ടികളെ ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതും ദുബായിലെത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തതും വീസയടക്കം നല്‍കിയതും സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തി. മോഡലിംഗ് പരിശീലനം, ജോലി, ദുബായ് വീഡിയോ ഷൂട്ട്, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര തുടങ്ങിയവയായിരുന്നു പെണ്‍കുട്ടികള്‍ക്കുള്ള വാഗ്ദാനങ്ങള്‍.

ദുബായിലെത്തിയ തന്നെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഒരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തി.

കേസില്‍ നിലവില്‍ മൂന്നുപേരാണ് പിടിയിലായത്. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് ഇതുവരെ പൊലീസ് പിടിയിലായത്.

Share This Post
Exit mobile version