Press Club Vartha

കഠിനംകുളത്തെ വിറപ്പിച്ച ഗുണ്ടാസംഘം വലയിൽ; പിടിയിലായത് 18-ഓളം കേസുകളിലെ പ്രതികൾ

കഴക്കൂട്ടം: ​കഠിനംകുളം പ്രദേശവാസികൾക്ക് നിരന്തരം ഭീതിയും തലവേദനയും സൃഷ്ടിച്ചിരുന്ന മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെ കഠിനംകുളം പോലീസ് സാഹസികമായി പിടികൂടി. പള്ളിപ്പുറം പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ വിപിൻ (28 കണ്ണൻ), കഠിനംകുളം ചാന്നാങ്കര മഡോണ ഹൗസിൽ പ്രകാശ് (24, അമ്പിളി), വെട്ടുതുറ മഡോണ ഹൗസിൽ സഞ്ജയ് (20 മണിച്ചൻ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് 15-ന് ഉച്ചയ്ക്ക് ഒരു മണിയോടെ പുതുക്കുറിച്ചി പോസ്റ്റ് ഓഫീസിന് സമീപം കടപ്പുറത്ത് വെച്ച് പുതുക്കുറിച്ചി സ്വദേശിയായ ജോസ് എന്നയാളെ വെട്ടുകത്തികൊണ്ട് വെട്ടുകയും നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നിലവിൽ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ​പിടിയിലായ പ്രതികൾക്കെതിരെ അതീവ ഗുരുതരമായ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്. ഒന്നാം പ്രതിയായ വിപിൻ രാസലഹരി വില്പന, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ, അടിപിടി, വധശ്രമം തുടങ്ങി പതിനെട്ടോളം കേസുകളിൽ പ്രതിയാണ്. കഠിനംകുളം, പൂജപ്പുര, മണ്ണഞ്ചേരി, പൂന്തുറ, പത്തനാപുരം, ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മുൻപ് കാപ്പ നിയമപ്രകാരം തടവിലായിരുന്ന ഇയാൾ 2025 നവംബറിലാണ് ജയിൽ മോചിതനായത്. ഇതിനുശേഷവും ഇയാൾ മയക്കുമരുന്ന് കച്ചവടവും അക്രമങ്ങളും തുടരുകയായിരുന്നു. രണ്ടാം പ്രതിയായ സഞ്ജയ് മയക്കുമരുന്ന് കടത്ത്, വധശ്രമം ഉൾപ്പെടെ കഠിനംകുളം പോലീസ് സ്റ്റേഷനിൽ മാത്രം എട്ടോളം കേസുകളിൽ പ്രതിയാണ്. ഇയാളും കാപ്പ നിയമപ്രകാരം തടങ്കലിലാവുകയും 2025 ഡിസംബറിൽ ജയിൽ മോചിതനാവുകയും ചെയ്തതുമാണ്. മൂന്നാം പ്രതിയായ പ്രകാശ് വധശ്രമം ഉൾപ്പെടെ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വെട്ടുതുറ, പുതുക്കുറിച്ചി, പെരുമാതുറ ഭാഗങ്ങളിൽ ജനങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തുകയും ഭയപ്പാട് സൃഷ്ടിക്കുകയും ചെയ്യുക ഇവരുടെ പതിവായിരുന്നു. ​ആറ്റിങ്ങൽ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നിർദ്ദേശാനുസരണം കഠിനംകുളം എസ്.എച്ച്.ഒ സുനുമോൻ, എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ മാരായ ഷാഹുൽ ഹമീദ്, രാജേഷ്, അനസ്, അനീഷ്, സി.പി.ഒ മാരായ ശരത്, ചന്ദ്രകാന്ത്, വിശാഖ് എന്നിവരും, ആറ്റിങ്ങൽ സ്റ്റേഷനിലെ വനിതാ എസ്.ഐ സിത്താര മോഹൻ, പ്രൊബേഷനറി എസ്.ഐ അരുൺ സുന്ദർ, എ.എസ്.ഐ വിജയലക്ഷ്മി, ഡബ്ല്യു.സി.പി.ഒ അഞ്ജന, സി.പി.ഒ അനന്തു എന്നിവരടങ്ങിയ സംഘമാണ് ജീവൻ പണയപ്പെടുത്തി പ്രതികളെ സാഹസികമായി കീഴ്പ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മേഖലയിൽ ഗുണ്ടാ-ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.

Share This Post
Exit mobile version