
തിരുവനന്തപുരം: ശ്രീ പത്മനാഭ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണക്കട്ടികളും നാണയങ്ങളും കാണാതായ സംഭവത്തിൽ ഡിജിപി നൽകിയ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ഇന്ന് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറും. ത്രീ ടയർ സുരക്ഷയ്ക്ക് ഇടയിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കൾ കാണാതായത്.
അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് തീരുമാനമെടുക്കും. രാജ്യത്തെ അതീവ സമ്പന്നവും അതീവ സുരക്ഷയുള്ളതും കോടതിയുടെ മേൽനോട്ടത്തിലുമുള്ള ക്ഷേത്രത്തിൽ നിന്ന് അമൂല്യ വസ്തുക്കൾ കാണാതായെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടും മന്ത്രി പരിശോധിക്കും. റിപ്പോര്‍ട്ട് ലഭിച്ച് 14 ദിവസം പിന്നിട്ടിട്ടും ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്തിരുന്നില്ല.
ഇന്റലിജൻസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതേസമയം ക്ഷേത്രത്തിലുണ്ടായ സുരക്ഷാ വീഴ്ചയിൽ ഭരണസമിതി വെള്ളിയാഴ്ച യോഗം ചേരും. പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് യോഗം ചേരുന്നത്. എസ്പിയുടെ നേതൃത്വത്തിലാണ് നിലവിൽ ക്ഷേത്രത്തിന്റെ സുരക്ഷ.
