Press Club Vartha

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍; രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്വദേശി അഖില, പങ്കാളി അഷ്‌കര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ അഖില സമ്മതിച്ചു. സ്ഥിരമായി അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിക്കുമായിരുന്നെന്ന് അഖില പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങളില്‍ രക്തസ്രാവമുണ്ടായതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അതേസമയം, അഷ്‌കര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ദിവസമാണ് അഷ്‌കര്‍ ചോറുകൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദ്ദിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തത്. പിന്നാലെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചു. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നുവെന്നാണ് അഷ്‌കര്‍ പറഞ്ഞത്. ഈ സമയം അഖില തമിഴ്‌നാട്ടില്‍ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

Share This Post
Exit mobile version