
കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും
കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യവും സ്റ്റേഷന്റെ വികസനവും സജീവമായി പരിഗണനയിലാണെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) ദിവ്യകാന്ത് ചന്ദ്രകാർ അറിയിച്ചതായി പ്രതിധ്വനി ഭാരവാഹികൾ പറഞ്ഞു. ഐ.ടി ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ പ്രതിനിധികളുമായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഡി.ആർ.എം ഈ ഉറപ്പുനൽകിയത്. ആലപ്പുഴ വഴിയുള്ള ട്രെയിൻ, വേണാട് എക്സ്പ്രസ്, മറ്റ് അനുയോജ്യമായ ദീർഘദൂര സർവീസുകൾ എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം വിശദമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. കൂടാതെ, യാത്രക്കാർക്കായി ലിഫ്റ്റ്, വിശ്രമമുറി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കും. ടെക്നോപാർക്ക് ജീവനക്കാരുടെയും ദൈനംദിന യാത്രക്കാരുടെയും യാത്രാക്ലേശം ചൂണ്ടിക്കാട്ടി പ്രതിധ്വനി നടത്തിയ സർവേ റിപ്പോർട്ടും യോഗത്തിൽ സമർപ്പിച്ചു. ഡി.ആർ.എമ്മിന് പുറമെ എ.ഡി.ആർ.എം വൈ. സെൽവിൻ, സീനിയർ ഡി.ഓ.എം ഹരി കൃഷ്ണൻ, സീനിയർ ഡി.സി.എം നിതിൻ റോബർട്ട് എന്നിവരും പ്രതിധ്വനിയെ പ്രതിനിധീകരിച്ച് റെയിൽവേ ഫോറം കൺവീനർ അനൂബ് ടി. മുരളി, സംസ്ഥാന കോ-ഓർഡിനേറ്റർ രാജീവ് കൃഷ്ണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
