കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ഈ വർഷം നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടു. തിരുവള്ളൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ തയ്യാറാക്കിയ കൃഷിയിടത്ത് 500 പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചത്. കൂടാതെ തിരുവള്ളൂരിൽ ഒരു പച്ചത്തുരുത്തും സ്ഥാപിച്ചു. അഞ്ചേക്കറിൽ പച്ചക്കറി കൃഷിയും അഞ്ചേക്കറിൽ കുറ്റിമുല്ലയും അഞ്ചേക്കറിൽ വാഴയും അഞ്ചേക്കറിൽ പയർ ഉഴുന്ന് എന്നിവയും അഞ്ചേക്കറിൽ ദീർഘകാല പച്ചക്കറിയും ആണ്
ഈ വർഷം വിളയിറക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്രകാരം 25 ഏക്കർ കൃഷി ചെയ്യുന്നതിലേക്ക് 18 കൃഷി കൂട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞു. ഓരോ കൃഷിക്കൂട്ടത്തിനും കൃഷി ഉദ്യോഗസ്ഥർ നേതൃത്വം നൽകും. കൃഷി ഓഫീസർ ലക്ഷ്മി, അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ കാർഷിക കലണ്ടറും തയ്യാറായി.
അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ മാജിതയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹരികുമാർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കാർഷിക ക്ലാസ് നയിച്ചു. അനിൽകുമാർ പി, വിജയകുമാർ എസ്, എം.ജി.എന്‍.ആര്‍. ഇ.ജി.എസ് എ.ഇ അഭിലാഷ് എന്നിവർ സംസാരിച്ചു. ഹരിത കേരളം കോർഡിനേറ്റർ അഞ്ജു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ ഹരിത കർമ്മ സേനാംഗങ്ങളെ അനുമോദിച്ചു.