തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെയും തുടർന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളിൽ നിർമിച്ച പുതിയ ഹൈടെക് കെട്ടിട സമുച്ചയങ്ങളുടെയും സ്മാർട്ട് ക്ലാസുകളുടെയും ഉദ്ഘാടനം ശ്രീകാര്യം ജി എച്ച് എസിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
2022 ൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം കേരളത്തിൽ 60 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂൾവിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. അതിൽ 45 ലക്ഷത്തോളം കുട്ടികൾ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരാണ്. അതായത്, 80 ശതമാനത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ഈ വമ്പിച്ച പങ്കാളിത്തം നമ്മുടെ വിദ്യാഭ്യാസ മാതൃകയുടെ ഉന്നത നിലവാരത്തിന്റെ ദൃഷ്ടാന്തമാണ്.
10.51 കോടി രൂപ ചെലവഴിച്ചാണ് നിലവിൽ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടിയുടെയും നവകേരളം കർമ്മ പദ്ധതി II വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാൻഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയതായി 30 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്. മുന്ന് 3 കോടി കിഫ്ബി ധനസഹായത്തോടെ 8 സ്‌കൂൾ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി 10 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചത്. 12 പുതിയ സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടുകയും ചെയ്തു. 8 വർഷം മുമ്പുള്ള അവസ്ഥയല്ല പൊതുവിദ്യാലയങ്ങൾക്ക് ഇന്നുള്ളത്.
പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തി എല്ലാ വിഭാഗം വിദ്യാർഥികൾക്കും പഠന സൗകര്യമൊര്യക്കി. സ്വകാര്യ വിദ്യാലയങ്ങളുടെ ഉയർന്ന ഫീസും വിദ്യാഭ്യാസ ചെലവും സാധാരണക്കാരന് അപ്രാപ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചത്. രാജ്യത്താകമാനം സാർവത്രിക വിദ്യാഭ്യാസം ലഭ്യമാണെങ്കിലും അത് പൂർണമായ അർത്ഥത്തിൽ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്.
ഇത്തവണത്തെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഇതിനോടകം പട്ടയ വിതരണവും റോഡുകളുടെ ഉദ്ഘാടനവും ഒക്കെ നടന്നിട്ടുണ്ട്. 456 റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തി. 37 സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്യപ്പെടാനുണ്ട്. ലൈഫ് മിഷനിലൂടെ നിർമ്മിച്ച 10,000 വീടുകൾ കൈമാറാനുണ്ട്. ഇത്തരത്തിൽ വികസനവും ക്ഷേമവും ഉറപ്പുവരുത്തുന്ന നിരവധി ഇടപെടലുകളാണ് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടത്തുന്നത്.
കേരളത്തിലാകെ 973 സ്‌കൂൾ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്നത്. 2,500 കോടിയോളം രൂപയാണ് അതിനായി ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങൾ ഇതുവരെ പൂർത്തിയായി. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതാണ്ട് 4,500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വർഷംകൊണ്ട് ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലെമ്പാടും ഉള്ള പൊതുവിദ്യാലയങ്ങളിൽ ഇതു വഴിയുണ്ടാകുന്ന മാറ്റങ്ങൾ ദൃശ്യമാണ്.
സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം മാത്രം സാധ്യമാക്കിയാൽ പോരാ ലോക വൈജ്ഞാനിക ശൃംഖലയുടെ ഭാഗമാകാൻ കഴിയുന്ന വിധത്തിൽ നമ്മുടെ വിദ്യാർത്ഥികളെ പ്രാപ്തരാക്കേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിൽ കുട്ടികളുടെ ശേഷികൾ വികസിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കടകപള്ളി സുരേന്ദ്രൻ എം എൽ എ സ്വാഗതമാശംസിച്ചു. എ എ റഹീം എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്, കൈറ്റ് സിഇ ഒ അൻവർ സാദത്ത്, എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ് ആർകെ എന്നിവർ സംബന്ധിച്ചു.
കെട്ടിട നിർമാണം പൂർത്തിയാക്കിയ സ്കൂളുകൾ
കിഫ്ബിയുടെ 3 കോടി രൂപ ധനസഹായത്തിൽ നിർമിച്ച കെട്ടിടങ്ങൾ
പത്തനംതിട്ട അടൂർ ജി ജി എച്ച് എസ് എസ് ആലപ്പുഴ ജി എച്ച് എസ് നാലുചിറ, തൃശ്ശൂർ മുപ്ലിയം ജി എച്ച് എസ് എസ്, മലപ്പുറം പെരിന്തൽമണ്ണ ജി ജി വി എച്ച് എസ് എസ്, വെട്ടത്തൂർ ജി എച്ച് എസ് എസ്, വയനാട് പനമരം ജി എച്ച് എസ് എസ്, കോഴിക്കോട് ആഴ്ചവെട്ടം ജി എച്ച് എസ് എസ്, കണ്ണൂർ മാട്ടൂൽ സി എച്ച് എം കെ എസ് ജി എച്ച് എസ് എസ്.
കിഫ്ബി 1 കോടി ധനസഹായത്തിൽ നിർമിച്ച കെട്ടിടങ്ങൾ
ആലപ്പുഴ കുന്നം ജി എച്ച് എസ് എസ്, ഇടുക്കി കുമളി ജി ടി യു പി എസ്, കോട്ടയം ജി എച്ച് എസ് എസ്, ഈരാറ്റുപേട്ട ജിവി എച്ച് എസ് എസ്, എറണാകുളം ചോറ്റാനിക്കര ജിവി എച്ച് എസ് എസ്, തൃപ്പൂണിത്തുറ ജിവി എച്ച് എസ് എസ് ഫോർ ബോയ്സ്, തൃശ്ശൂർ വാടാനപ്പള്ളി ജി എച്ച് എസ് എസ്, പാലക്കാട് മണ്ണാർക്കാട് ജിഎം യു പി എസ്, മലപ്പുറം കരിങ്കപ്പാറ ജി യു പി എസ്, കോഴിക്കോട് പറയഞ്ചേരി എസ്.കെ. പൊറ്റക്കാട് മെമ്മോറിയൽ ജി വി എച്ച് എച്ച് എസ് എസ്, വയനാട് മാനന്തവാടി ജി യു പി എസ്, കാസർഗോഡ് മടിക്കൈ ജി എച്ച് എസ് എസ്, ആലംപാടി ജി എച്ച് എസ് എസ്.
പ്ലാൻ ഫണ്ട്, മറ്റു ഫണ്ടുകൾ ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ
തിരുവനന്തപുരം ശ്രീകാര്യം ജി എച്ച് എസ്, മുള്ളറംകോട് ജി എൽ പി എസ്, ആലപ്പുഴ നെടുമ്പ്രക്കാട് ജി യു പി എസ്, പയ്യനല്ലൂർ ജി എൽ പി എസ്, ഇടുക്കി ബൈസൺ വാലി ജി എച്ച് എസ് എസ്, തൃശ്ശൂർ കുട്ടഞ്ചേരി ജി എൽ പി എസ്, ചാവക്കാട് ജി എച്ച് എസ് എസ്, മലപ്പുറം വളരാട് ജി എൽ പി എസ്, പാണ്ടിക്കാട് ജി എം എൽ പി എസ്, വയനാട് മേപ്പാടി ജി എച്ച് എസ് എസ്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിക്കുന്ന സ്കൂളുകൾ
തൃശൂർ പെരിഞ്ഞനം ജി യു പി എസ്, പാലക്കാട് തോലന്നൂർ ജി എച്ച് എസ് എസ്, ഭീമനാട് ജി യു പി എസ്, ആലത്തൂർ ജി ജി എച്ച് എസ് എസ്, പാലക്കാട് പി എം ജി എച്ച് എസ് എസ്, മലപ്പുറം ആനമങ്ങാട് ജി എ എച്ച് എസ് എസ്, ആതവനാട് പരിതി ജി എച്ച് എസ്, വെന്നിയൂർ ജി എം യു പി എസ്, പുറത്തുർ ജി യു പി എസ് വയനാട് ചീരാൽ ജി എം എച്ച് എസ് എസ്, കണ്ണൂർ കുഞ്ഞിമംഗലം ജി എച്ച് എസ്, കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ജി എച്ച് എസ് എസ്.