പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാളെ. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 2445 കന്നിവോട്ടര്‍മാരും 229പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്.
നവംബര്‍ 20 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (നവംബര്‍ 19) പൂര്‍ത്തിയാകും. ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂതമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.
നാല് ഓക്സിലറി ബൂത്തുകള്‍ (അധിക ബൂത്തുകള്‍) അടക്കം ആകെ 184 പോളിങ് ബൂത്തുകളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിച്ചിട്ടുള്ളത്. 1500-ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ളവിടമാണ് ഓക്സിലറി ബൂത്തുകളായി തയ്യാറാക്കിയിട്ടുള്ളത്. ഗവ. ലോവര്‍ പ്രൈ മറി സ്‌കൂള്‍ കുന്നത്തൂര്‍ മേട്-വടക്കുവശത്തെ മുറി (83എ), നെയ്ത്തുകാര തെരുവ് അങ്കണവാടിയിലുള്ള 102 ആം നമ്പർ പ്രധാന പോളിങ് സ്റ്റേഷനോടനുബന്ധിച്ച് അതേ വളപ്പിൽ പ്രത്യേകം സജ്ജീകരിച്ച താത്കാലിക ഓക്സിലറി പോളിങ് സ്റ്റേഷൻ (102 എ), ബി.ഇ.എസ് ഭാരതിതീര്ത്ഥ വിദ്യാലയംകല്ലേക്കാട്-കിഴക്കുവശം (117എ), സെന്‍ട്രല്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ കിണാശ്ശേരി-കിഴക്ക് വശത്തെ മുറി (176എ) എന്നിവിടങ്ങളിലാണ് ഓക്സിലറി ബൂത്തുകള്‍ പ്രവര്‍ത്തിക്കുക.
വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും അംഗപരിമിതര്‍ നിയന്ത്രിക്കുന്ന ഒരു പോളിങ് ബൂത്തും ഒമ്പത് മാതൃകാ പോളിങ് സ്റ്റേഷനുകളും മണ്ഡലത്തില്‍ ഉണ്ടാവും.എല്ലാ ബൂത്തുകളിലും റാംപ്, ശുചിമുറി, കുടിവെള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ ഹരിതചട്ടം പാലിച്ചാണ് പോളിങ് ബൂത്തുക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്.
പോളിങ് സ്റ്റേഷനുകളിലേക്കായി റിസര്‍വ് അടക്കം 220 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും 239 വി.വി.പാറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റ് യൂണിറ്റുകള്‍ 30 ശതമാനവുമാണ് അധികമായി തയ്യാറാക്കി വെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായാല്‍ പരിഹരിക്കുന്നതിനായി ഭാരത് ഇലക്ടോണിക്‌സ് ലിമിറ്റഡില്‍ (ബെല്‍) നിന്നുള്ള രണ്ട് എഞ്ചിനീയര്മാരും പാലക്കാട് എത്തിയിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക പരിഗണ നല്‍കിയാണ് തിരഞ്ഞെടുപ്പ് നടത്തിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സൗഹൃദം ഉറപ്പു വരുത്തുന്നതിനായി 184 ബൂത്തുകളും താഴത്തെ നിലയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ബൂത്തുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യം, ചലന വൈകല്യമുള്ളവര്‍ക്ക് വീല്‍ ചെയര്‍, കാഴ്ച പരിമിതി ഉള്ളവരെ സഹായിക്കുന്നതിനായി സഹായികള്‍, കുടിവെള്ളം, വോട്ടിങ് മെഷീനില്‍ ബ്രെയിന്‍ ലിപി എന്നിവ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് വരി നില്‍ക്കേണ്ട ആവശ്യമില്ല.
അത്യാവശ്യ ഘട്ടങ്ങളില്‍ ഇവര്‍ക്ക് വാഹന സൗകര്യം ലഭിക്കും. സക്ഷം ആപ്പിലൂടെ വീല്‍ ചെയറും മറ്റു സൗകര്യങ്ങളും ഭിന്ന ശേഷിക്കാര്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. വെണ്ണക്കര സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന കെട്ടിടം ഭിന്നശേഷിക്കാര്‍ മാത്രമുള്ള പോളിംഗ് ബൂത്തായി സജ്ജീകരിച്ചിട്ടുണ്ട്. എ.എല്‍.പി. സ്‌കൂള്‍ മാത്തൂറിലാണ് ഏറ്റവും കൂടുതലായ 145 ഭിന്നശേഷി വോട്ടര്‍മാരുള്ളത്. ഇവിടെ ചലന വൈകല്യമുള്ള 77 പേരും, കാഴ്ച പരിമിതിയുള്ള 5 പേരുമാണ് ഉള്ളത്. മണപ്പുള്ളിക്കാവ് ട്രൂ ലൈന്‍ പബ്ലിക് സ്‌കൂളിലാണ് കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ കൂടുതലുള്ളത്. ജില്ലാ സാമൂഹ്യ നീതി ഓഫീസറായ സമീര്‍ മച്ചിങ്ങലാണ് നോഡല്‍ ഓഫീസര്‍.