
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനും മത്സ്യബന്ധനവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി തൊഴിലന്വേഷകർക്ക് സൗജന്യ ഇന്റർവ്യൂ പരിശീലനം നൽകുന്നു. ‘കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാം’ എന്ന പേരിലുള്ള സൗജന്യ പരിശീലനം സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജകമണ്ഡലങ്ങളിലും സംഘടിപ്പിക്കും. 3000 തൊഴിലന്വേഷകർക്ക് പരിശീലനം പ്രയോജനപ്പെടും. റെസ്യുമെ തയ്യാറാക്കൽ, മോക്ക് ഇന്റർവ്യൂ, കമ്മ്യൂണിക്കേഷൻ പരിശീലനം എന്നിവ ഉൾപ്പെടുത്തി ഓരോ ബാച്ചിനും 2 ദിവസത്തെ പരിശീലനമാണ് നൽകുന്നത്. ഇങ്ങനെ 30 പേരടങ്ങുന്ന 100 ബാച്ചുകൾക്ക് പരിശീലനം നൽകും. തൊഴിൽതീരം പദ്ധതിയുടെ ഭാഗമായി മാർച്ച് അവസാനം ജില്ലകളിൽ നടക്കുന്ന തൊഴിൽമേളയുടെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി.
കരിയർ കാറ്റലിസ്റ്റ് പ്രോഗ്രാമിന്റെ ആദ്യ പരിശീലനം കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നടന്നു. 30 തൊഴിലന്വേഷകർ പരിശീലനത്തിൽ പങ്കെടുത്തു. നോളെജ് മിഷന്റെ തെരഞ്ഞെടുത്ത പരിശീലകർ ക്ലാസെടുത്തു. തീരദേശത്തെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ വിജ്ഞാന തൊഴിലിലെത്തിക്കാൻ വേണ്ടി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നോളെജ് ഇക്കോണമി മിഷൻ നടത്തുന്ന പ്രത്യേക തൊഴിൽ പദ്ധതിയാണ് തൊഴിൽതീരം. കേരളത്തിലെ 9 തീരദേശ ജില്ലകളിലെ 46 നിയോജകമണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.


