കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയയും സഹദും. ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞു പിറന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പ്രസവ ശസ്ത്രക്രിയ. സഹദും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മാതാവ് സിയ പറഞ്ഞു.
കുഞ്ഞിനെ ദത്തെടുക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പുരുഷനായി മാറിയെങ്കിലും സഹദ് ഗർഭം ധരിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്. ആളുകൾ എന്തു പറയുമെന്ന ആശങ്കയിൽ ആദ്യം മടി തോന്നിയെന്ന് സഹദ് മുൻപ് പറഞ്ഞിരുന്നു. ഒപ്പം ഒരിക്കൽ ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്കുള്ള തിരിച്ചുപോക്കും വെല്ലുവിളിയായി. എന്നാൽ സിയയുടെ സ്നേഹവും അമ്മയാകാനുള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തെ മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനകൾ നടത്തി ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ചികിത്സ ആരംഭിച്ചത്. സഹദ് സിയയിൽ നിന്നാണ് ഗർഭം ധരിച്ചത്. സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം.