തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ വികാരഭരിതനായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. റിസോര്‍ട്ട് വിവാദത്തിലും, വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും പ്രതിസന്ധിയിലായിരിക്കുകയാണ് ഇ പി. വേട്ടയാടല്‍ തുടര്‍ന്നാല്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും വ്യക്തിഹത്യ നടത്തുന്ന രീതിയിൽ തനിക്കെതിരെ ഇല്ലാത്ത വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍ സംസാരിച്ചത്. കണ്ണൂർ ആന്തൂരിലെ റിസോര്‍ട്ട് അനധികൃത സമ്പാദ്യമാണെന്ന ആരോപണത്തിന് മറുപടി പറയവേ ഇ.പി വികാരാധീനനായി. വ്യക്തിഹത്യ ചെയ്യാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് തുറന്നടിച്ചു.
വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇ.പി ഉന്നയിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകിയെന്നാണ് വിവരം. ആക്രമണം തുടര്‍ന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന നിലപാടിലാണ് അദ്ദേഹം. രൂക്ഷമായ ഭാഷയിലാണ് അടുപ്പക്കാരോട് ഇ.പി തന്‍റെ വികാരം പങ്കുവച്ചത്.