തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളവും സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഓണം അലവൻസും ഇന്ന് വിതരണം ചെയ്യും. ഇന്നലെ ഗതാഗത മന്ത്രിയും കെഎസ്ആർടിസി മാനേജ്മെന്റും യൂണിയനുകളും നടത്തിയ ചർച്ചയിലാണ് സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഓണം അലവൻസ് കെഎസ്ആർടിസി ജീവനക്കാർക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചത്.
ശമ്പളം നൽകുന്നതിനുള്ള 40 കോടി രൂപ ധനവകുപ്പ് ഇന്ന് കൈമാറും. നേരത്തെ 30 കോടി നൽകിയിരുന്നു. 86 കോടിയാണ് ശമ്പളത്തിനായി വേണ്ടത്. ബാക്കി തുക കെഎസ്ആർടിസി കണ്ടെത്തി ഇന്ന് തന്നെ ശമ്പള വിതരണം നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
ആറു ഡിപ്പോകളിൽ നടപ്പിലാക്കി വരുന്ന സിംഗിൾ ഡ്യൂട്ടി സമ്പ്രദായത്തിൽ ജീവനക്കാരുടെ സംഘടനകൾ കൂടി നിർദ്ദേശിച്ച മാറ്റങ്ങൾ ഉൾപ്പെടുത്തി മൾട്ടിപ്പിൾ ഡ്യൂട്ടി ഒക്ടോബർ ഒന്നിന് എല്ലാ ഡിപ്പോയിലും നടപ്പിലാക്കാൻ തീരുമാനിച്ചു.
ജൂലൈ മാസത്തെ പെൻഷൻ വിതരണത്തിന് 71 കോടി അനുവദിച്ചെന്നു 19ന് ധനവകുപ്പ് അറിയിച്ചിരുന്നു എങ്കിലും ഇന്നലെയും പെൻഷൻ വിതരണം നടന്നില്ല. സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ വിതരണം നടക്കേണ്ടത്. പെൻഷൻ എല്ലാ മാസവും അഞ്ചിന് നൽകണമെന്ന് ഹൈക്കോടതി വിധി നടപ്പിലാക്കാതത്തിന് പെൻഷൻ സംഘടനകൾ കെഎസ്ആർടിസിക്കും സർക്കാറിനുമെതിരെ നൽകിയ എട്ടാമത്തെ കോടതി അലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.