തിരുവനന്തപുരം: തലച്ചോറിൽ അന്യൂറിസം ബാധിച്ച് ഗുരുതരവസ്ഥയിലായിരുന്ന രോഗിയിൽ നൂതന പ്രൊസീജിയർ വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ‘ട്രെൻസ’ ഉപകരണത്തിന്റെ സഹായത്തോടെ ‘ഇൻട്രാസാക്കുലാർ ഫ്ലോ ഡൈവേർഷൻ’ ചികിത്സയിലൂടെയാണ് രോഗാവസ്ഥ ഭേദമാക്കിയത്. സങ്കീർണ്ണമായ മസ്തിഷ്ക അന്യൂറിസങ്ങൾ ചികിൽസിക്കാനുള്ള നൂതന ചികിത്സാരീതിയാണിത്. തലച്ചോറിലെ രക്തക്കുഴലുകളിൽ ഒരു ബലൂൺ പോലെ വീക്കമുണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസം. ഇത്തരം രോഗികളിൽ അന്യൂറിസം വലുതാവുകയും കാലക്രമേണ അത് പൊട്ടി ബ്രെയിൻ ഹെമറേജ് എന്ന ഗുരുതരാവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യാം. രാജ്യത്ത് ആദ്യമായാണ് ‘ട്രെൻസ’ ഉപകരണത്തിന്റെ സഹായത്തോടെ ഇൻട്രാസാക്കുലാർ ഫ്ലോ ഡൈവേർഷൻ ചെയ്യുന്നത്.
ഒരു വർഷമായി വിട്ടുമാറാത്ത തലവേദനയെത്തുടർന്നാണ് തമിഴ്‌നാട് സ്വദേശിയായ 67-കാരൻ കിംസ്ഹെൽത്തിലെത്തുന്നത്. തുടർന്ന് നടത്തിയ എംആർഐ, ഡിജിറ്റൽ സബ്‌ട്രാക്ഷൻ ആൻജിയോഗ്രാഫി (ഡിഎസ്എ) പരിശോധനകളിൽ തലയുടെ ഇടത് വശത്തായി ഒരു മിഡിൽ സെറിബ്രൽ ആർട്ടറി (എംസിഎ) ബൈഫർക്കേഷൻ അന്യൂറിസം കണ്ടെത്തുകയായിരുന്നു. രോഗാവസ്ഥയും അന്യൂറിസത്തിന്റെ സ്ഥാനവും പരിഗണിച്ച്, വസ്ത്രങ്ങളുടെ പ്രതലത്തോട് സാമ്യമുള്ള ‘ട്രെൻസ’ എന്ന ഉപകരണം ഉപയോഗിച്ച് ‘ഫ്ലോ ഡൈവേർഷൻ’ ചികിത്സ നടത്താൻ മെഡിക്കൽ സംഘം തീരുമാനിച്ചു. അരയ്ക്ക് താഴ്ഭാഗത്തായി ഗ്രോയിനിൽ ചെറിയ മുറിവുണ്ടാക്കി സിരയിലൂടെ രക്തധമനിയിലേക്ക് മൈക്രോകത്തീറ്ററിന്റെ സഹായത്തോടെ ‘ട്രെൻസ’ കടത്തിവിട്ട് അതുവഴി അന്യൂറിസത്തിലേക്കുള്ള രക്തപ്രവാവം വഴി തിരിച്ചു വിടുകയും അന്യൂറിസം സ്തംഭനാവസ്ഥയിലാകുകയും ചെയ്യുന്നു.
കൂടുതൽ വ്യക്തവും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായതിനാൽ തന്നെ ട്രെൻസ ഉപയോഗിച്ചുള്ള ഇൻട്രാസാക്കുലാർ ഫ്ലോ ഡൈവേർഷൻ കൂടുതൽ സുരക്ഷിതമാണിതെന്ന് പ്രൊസീജിയറിന് നേതൃത്വം നൽകിയ ന്യൂറോ ഇന്റെർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ് പറഞ്ഞു. സെറിബ്രൽ ആർട്ടറി ബൈഫർക്കേഷൻ പോലുള്ള രോഗാവസ്ഥകളിൽ നിർദ്ദേശിക്കപ്പെടുന്ന സാങ്കേതികവിദ്യയാണിതെന്നും തലച്ചോറിന്റെ ചില നിർണായക ഭാഗങ്ങളിൽ വലുതും സങ്കീർണ്ണവുമായ അന്യൂറിസത്തെ ചികിത്സിക്കാൻ ട്രെൻസ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രോഗി സുഖം പ്രാപിച്ചുവെന്നും തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാർജുണ്ടാവുമെന്നും ഡോ. സന്തോഷ് ജോസഫ് കൂട്ടിച്ചേർത്തു.
ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മനീഷ് കുമാർ യാദവ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ദിനേശ് ബാബു, ന്യൂറോഅനസ്തേഷ്യ വിഭാഗം അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജയന്ത് ആർ ശേഷൻ എന്നിവരും രണ്ട് മണിക്കൂർ നീണ്ട് നിന്ന പ്രൊസീജിയറിന്റെ ഭാഗമായി.