തിരുവനന്തപുരം: ദൈവീക മതങ്ങളും വേദഗ്രന്ഥങ്ങളും ആദർശ പിതാവെന്ന് വിശേഷിപ്പിച്ച ഹസ്രത്ത് ഇബ്രാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗസ്മരണകളുയർത്തി വിശ്വാസികൾ നാളെ ബലിപെരുന്നാൾ ആഘോഷിക്കും. ഇസ്ലാമിലെ രണ്ടാഘോഷദിനങ്ങളാണ് രണ്ട് പെരുന്നാൾ ദിനങ്ങൾ. പ്രധാനപ്പെട്ട രണ്ട് ആരാധന കർമ്മങ്ങളോടനുബന്ധിച്ചാണ് ഈ ആഘോഷ ദിനങ്ങളെ പടച്ചതമ്പുരാൻ ബന്ധപ്പെടുത്തിയിട്ടുള്ളത്.
ഒരു മാസക്കാലത്തെ വൃതാനുഷ്ഠാനത്തിന് സമാപനം കുറിച്ചുകൊണ്ട് ഈദുൽ ഫിത്വറും ഹജ്ജ് കർമ്മത്തിന്റെ ഭാഗമായി ബലിപെരുന്നാളും കടന്നു വരുന്നു. കേവലം ആഘോഷങ്ങൾക്ക് മാത്രമുള്ളതല്ല പെരുന്നാൾ ദിനങ്ങൾ. ബഹുസ്വര സമൂഹം നിലകൊള്ളുന്ന നമ്മുടെ നാട്ടിൽ കൂടുതൽ അടുക്കാനും, പരസ്പരം അറിയാനും സൗഹൃദങ്ങളും ബന്ധങ്ങളും കൂടുതൽ ഊഷ്മളമാക്കാൻ കൂടിയുള്ളതാണ്. അപ്പോഴാണ് ആഘോഷങ്ങൾക്ക് അർത്ഥതലങ്ങൾ ഉണ്ടാകുന്നത്. നാം നിലകൊള്ളുന്ന സമൂഹത്തിലെ ഇല്ലായ്മക്കാരെയും അശരണരെയും രോഗികളെയും വിധവകളെയും അനാഥരെയും തിരിച്ചറിയാൻ കൂടിയാകണം ആഘോഷ ദിനങ്ങൾ.
ആഘോഷങ്ങൾക്ക് വേണ്ടി ഒരുക്കുന്ന വിഭവങ്ങൾ കടമപ്പെട്ടവരിലേക്കും അയൽവാസികളിലേക്കും സ്നേഹജനങ്ങളിലേക്കും കൈമാറുമ്പോൾ അത് ചേർത്ത് പിടിക്കലിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം പങ്കുവയ്ക്കൽ കൂടിയായിത്തീരും. അതിന് ജാതിയും മതവും സംഘടനയും ഒരു തടസ്സമല്ല. ചരിത്രത്തിന്റെ നാൾവഴികളിൽ മഹിത മാതൃക കൈമാറിയ ഹസ്രത്ത് ഇബ്രാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗനിർഭരമായ ജീവിതം പരിശോധിക്കുമ്പോൾ അദ്ദേഹം ഏറെ സൽക്കാരപ്രിയനായിരുന്നു എന്ന് കാണാം.
ഒരുക്കുന്ന വിഭവങ്ങൾ മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കാൻ അതീവതാൽപര്യം കാണിച്ചിരുന്നു. അതിനാൽ ചരിത്രത്തിൽ സൽക്കാരക്കാരുടെ പിതാവ് എന്ന് ബഹുമാന നാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഉള്ളത് ഇല്ലാത്തവന് കൂടി പങ്കുവെക്കുമ്പോഴാണ് ഈദിന്റെ ആത്മീയ സുഗന്ധം ആസ്വദിക്കാൻ കഴിയുന്നത്. നിന്റെ അയൽവാസി അമുസ്ലിമാണെങ്കിലും അവനെ ബഹുമാനിക്കണമെന്നും വീട്ടിൽ കറിയുണ്ടാക്കുമ്പോൾ അതിൽ ചാറ് വർദ്ധിപ്പിക്കുക. അയൽവാസിയെ കൂടി അതിൽ പരിഗണിക്കുക എന്ന പ്രവാചക തിരുമേനിയുടെ നിർദ്ദേശം വളരെ കാലികപ്രസക്തിയുള്ളതാണ്.നാഥൻ അനുഗ്രഹിക്കട്ടെ!