തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാർക്കിൽ സന്തോഷത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ചിരി വിടർത്തി ഇതൾ ഓണം ഫെസ്റ്റ്. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളിലെ കുട്ടികൾ നിർമിച്ച വിവിധ ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേള ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് പ്രോജക്ട് ഇതൾ. ബഡ്സ് സ്‌കൂളുകളിൽ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും, അധ്യാപകരും ചേർന്ന് നിർമിക്കുന്ന പേപ്പർ പേന, ഓഫീസ് ഫയൽ, ക്യാരി ബാഗ്, നോട്ട് പാഡ്, കരകൗശല വസ്തുക്കൾ, പെയിന്റിംഗുകൾ എന്നിവയാണ് ഇതൾ ഓണം ഫെസ്റ്റിൽ അണിനിരന്നത്.
ഉത്പന്നങ്ങളുടെ വില്പന പ്രോത്സാഹിപ്പിച്ച് അതുവഴി ബഡ്സ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപജീവനമാർഗം ഒരുക്കുകയാണ് പ്രോജക്ട് ഇതളിന്റെ ലക്ഷ്യം. ജില്ലയിലെ നാൽപതോളം ബഡ്‌സ് സ്‌കൂളുകളാണ് പദ്ധതിയിൽ പങ്കാളികളാകുന്നത്.
ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ അശ്വതി ശ്രീനിവാസ്, അസിസ്റ്റന്റ് കളക്ടർ അഖിൽ വി മേനോൻ, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗാം മാനേജർ ഡാനിയേൽ ലിബിനി, ടെക്‌നോപാർക്ക് സിഇഒ സജ്ഞയ് നായർ, ജിടെക് സെക്രട്ടറി ശ്രീകുമാർ എന്നിവരും പങ്കെടുത്തു.