spot_imgspot_img

വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി ‘മിഷന്‍ 2030’ എന്ന പേരില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത്, ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2030 ആകുമ്പോഴേക്കും സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ കൂടുതല്‍ ഉന്നതിയിലെത്തിക്കുന്നതിനായുള്ള ഈ മാസ്റ്റര്‍ പ്ലാന്‍ അടുത്ത വര്‍ഷത്തോടെ തയാറാക്കും. അഡ്വഞ്ചര്‍, വെല്‍നെസ് ടൂറിസത്തിന് അനന്തമായ സാദ്ധ്യതകളാണ് കേരളത്തിലുള്ളത്. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വിനോദ സഞ്ചാര മേഖലയെ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി ‘കേരളത്തിലെ വിനോദ സഞ്ചാര മേഖല’ എന്ന വിഷയത്തില്‍ മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം.

വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി പശ്ചാത്തല വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും. മൂന്നാറില്‍ കേബിള്‍ കാര്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. ടൂറിസം മേഖലയിലെ ഉപദേശകസമിതി കൂടുതല്‍ സജീവമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ടൂറിസം മാറ്റത്തിന്റെ പാതയിലാണ്. കോവിഡിനു മുന്‍പുള്ള സാമ്പ്രദായിക രീതികളില്‍ നിന്നും ടൂറിസം പുതിയ വഴികളിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. കോവിഡ്, ടൂറിസം മേഖലയെ തളര്‍ത്തിയപ്പോള്‍ ഡൈന്‍ ഇന്‍ കാര്‍ പ്രോഗ്രാം, വാക്സിനേറ്റഡ് ഡെസ്റ്റിനേഷന്‍ പോലെ വ്യത്യസ്തമായ പല പദ്ധതികളും സംസ്ഥാനം ആവിഷ്‌കരിച്ചു. അതോടെ സുരക്ഷിതമായ ടൂറിസം എന്നതിനു വലിയ പ്രാധാന്യം ലഭിച്ചു. ബയോ ബബിളിന്റെ സുരക്ഷിതത്വം നമുക്ക് പ്രദാനം ചെയ്യാനായി. ആ ആത്മവിശ്വാസത്തില്‍ നിന്നാണ് കേരളം ടൂറിസത്തിലേക്കു തിരിച്ചുവരാന്‍ ആരംഭിച്ചത്.

കോവിഡിന് ശേഷം ‘വര്‍ക്കേഷന്‍’ എന്ന ട്രെന്‍ഡിനെ സംസ്ഥാനം പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു. വയനാടിനെ ‘വര്‍ക്കേഷ’നുള്ള കേന്ദ്രമായി കാണിച്ച് ബംഗളുരു പോലുള്ള ഐ.ടി നഗരങ്ങളില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ചത് വലിയ ഉണര്‍വുണ്ടാക്കി. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും അതു വഴി കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ ടൂറിസത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കാനും കേരളീയം പോലുള്ള പരിപാടികള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലയുടെ ഉള്‍ത്തുടിപ്പുകളെല്ലാം ടൂറിസം പ്രവര്‍ത്തനങ്ങളാക്കി മാറ്റാന്‍ നമുക്കാവണമെന്നും ഗ്രാമാന്തരങ്ങളില്‍ ടൂറിസം വ്യാപിപ്പിക്കുന്ന രൂപത്തിലുള്ള മാതൃകാപരമായ പദ്ധതികളാണ് ടൂറിസം മേഖലയില്‍ കേരളം രൂപപ്പെടുത്തേണ്ടതെന്നും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗവും സഞ്ചാരിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര അഭിപ്രായപ്പെട്ടു. പോസിറ്റീവായ മനസുണ്ടാക്കുക എന്നതാണ് ടൂറിസത്തിന്റെ ലക്ഷ്യം. എന്തിനെയും എതിര്‍ക്കുക എന്ന രീതി നാം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തനിമ’ എന്നതാണ് ടൂറിസം മേഖലയിലെ കേരളത്തിന്റെ ആസ്തിയെന്നും ഇത് ഉപയോഗപ്പെടുത്തി ഈ മേഖലയില്‍ കേരളം മുന്നേറണമെന്നും സി.സി.ജി എര്‍ത്ത് സഹസ്ഥാപകനായ ജോസ് ഡൊമിനിക് അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയില്‍ ആയുര്‍വേദത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കാനാവുമെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ പി.എം. വാരിയര്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന് കേരളം കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ടൂറിസത്തെ കേരളം കൂടുതലായി മാര്‍ക്കറ്റ് ചെയ്യണമെന്നും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. സാഹസിക വിനോദ സഞ്ചാര മേഖലയില്‍ സംസ്ഥാനത്ത് ഒരുപാട് സാധ്യതകളാണുള്ളതെന്നും ഗ്രാമീണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മേഖലയ്ക്കാവുമെന്നും മഡ്ഡി ബൂട്ട്സ് മാനേജിങ് ഡയറക്ടര്‍ പ്രദീപ് മൂര്‍ത്തി അഭിപ്രായപ്പെട്ടു.

പൈതൃകം ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പി. സജീവ് കുറുപ്പ്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ടൂറിസം ഡയറക്ടര്‍ ഹരോള്‍ഡ് ഗുഡ്വിന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) ഡയറക്ടര്‍ എം.ആര്‍. ദിലീപ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ എന്നിവരും സംസാരിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു വിഷയാവതരണം നടത്തി. കേരള സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സീനിയര്‍ പ്രൊഫസര്‍ ഡോ. കെ.എസ്. ചന്ദ്രശേഖര്‍ മോഡറേറ്ററായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp