തിരുവനന്തപുരം: എട്ടാമത് ദേശീയ ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിപുലമായ പരിപാടികളുമായി ഭാരതീയ ചികിത്സാ വകുപ്പ്. ആയുർവേദം എല്ലാവർക്കും എല്ലാ ദിവസവും എന്ന സന്ദേശത്തോടെ നവംബർ 10 മുതൽ 15 വരെയാണ് പരിപാടികൾ സംഘടിപ്പിക്കുക. ആയുർവേദ ഫോർ വൺ ഹെൽത്ത് എന്നതാണ് ഈ വർഷത്തെ പ്രമേയം. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും മറ്റ് അംഗീകൃത സംഘടനകളുടെയും സഹകരണത്തോടയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
നവംബർ 10ന് സംസ്ഥാനതലത്തിൽ വിവിധ ആയുർവേദ വിഭാഗങ്ങളൊരുമിച്ച് പരിപാടി സംഘടിപ്പിക്കും. ആഴ്ചയിൽ ഒരു ദിവസം സംസ്ഥാനത്തെ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ജീവിതശൈലി രോഗങ്ങൾക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. സ്‌കൂൾ, കോളേജ് തലത്തിൽ ആയുർവേദത്തെക്കുറിച്ച് അവബോധ ക്ലാസുകൾ സംഘടിപ്പിക്കും.
ജില്ലാ തലത്തിൽ ആയുർവേദം എന്റെ ജീവിതത്തിൽ ‘ എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടികളും, വിദ്യാർത്ഥികൾക്കായി മത്സരങ്ങളും ജില്ലാ ആസ്ഥാനങ്ങളിൽ റാലിയും സംഘടിപ്പിക്കും. സ്പെഷ്യാലിറ്റി സെന്ററുകളിലും പരിപാടികൾ സംഘടിപ്പിക്കും. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടികൾക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ് പ്രിയയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗ്ലാഡിഹാൽവിനും നേതൃത്വം നൽകും.