തിരുവനന്തപുരം: നവംബർ 22, 23 തീയതികളില്‍ നഗരത്തിലുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ട് ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, മേയര്‍ എസ്. ആര്യ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
24 മണിക്കൂറിനുള്ളില്‍ 150 മില്ലി മീറ്റര്‍ മഴ തിരുവനന്തപുരം നഗരത്തില്‍ പെയ്തതാണ് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലടിയിലാകാന്‍ കാരണമായത്. ഒരു വര്‍ഷത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ അതിശക്തമായ മഴ നഗരത്തില്‍ ലഭിക്കുന്നത് 40 വര്‍ഷത്തിന് ശേഷമാണ്. ഇത്തരം സാഹചര്യങ്ങളില്‍ വെള്ളക്കെട്ടുണ്ടാകാതിരിക്കാന്‍ ആമയിഴഞ്ചാന്‍ തോട്, പട്ടം തോട്, ഉള്ളൂര്‍ തോട് എന്നിവിടങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകാനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കും.
ആമയിഴഞ്ചാന്‍ തോടിലെ ചെളി നീക്കം ചെയ്യാനും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 37കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ജലാശയങ്ങളിലെ മാലിന്യവും ചെളിയും നീക്കം ചെയ്യാതെ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അടിയന്തരമായി പൂര്‍ത്തിയാക്കാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഗൗരീശപട്ടം ഭാഗത്തുണ്ടായ വെള്ളക്കെട്ടിനുള്ള കാരണം നെല്ലിക്കുഴി പാലത്തിന്റെ നിര്‍മാണമല്ലെന്ന് ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു. ആമഴിയഞ്ചാന്‍ തോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്ത പാലമാണ് നെല്ലിക്കുഴിയില്‍ വരുന്നത്.പാലത്തിന്റെ നിര്‍മാണം ഡിസംബര്‍ 15നുള്ളില്‍ പൂര്‍ത്തിയാക്കി ഗര്‍ഡറുകള്‍ നീക്കം ചെയ്യുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അതിശക്തമായ മഴയില്‍ നഗരത്തില്‍ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനായി ഓടകളും ജലാശയങ്ങളും അടിയന്തരമായി ശുചീകരിക്കും. നീക്കം ചെയ്യുന്ന ചെളിയും മാലിന്യങ്ങളും ജലാശയങ്ങളുടെ കരയില്‍ തന്നെ ഇടുന്നത് അനുവദിക്കില്ല.
ഇതിനായി പ്രത്യേക ഡംപിഗ് യാര്‍ഡുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടേക്ക് ചെളിയും മാലിന്യങ്ങളും മാറ്റണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കെ.ആര്‍എഫ്ബി, സ്മാര്‍ട്ട് സിറ്റി പദ്ധതികളുടെ ഭാഗമായ 81 റോഡുകളിലേയും ഓടകള്‍ വൃത്തിയാക്കിയെന്ന് ഉറപ്പുവരുത്തണം. മഴയെത്തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പട്ടം, ഉള്ളൂര്‍ ആമയിഴഞ്ചാന്‍ തോടുകളില്‍ നിന്നും 1.50 ലക്ഷം ക്യുബിക് മീറ്റര്‍ സില്‍റ്റ് നീക്കം ചെയ്ത് ആഴം കൂട്ടുന്നതിനുള്ള നൂറുദിന കര്‍മപദ്ധതി സമയബന്ധിതമായി പൂര്‍ത്തിക്കും.
മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തി അടുത്ത വര്‍ഷം ജനുവരി 31നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എല്ലാ ആഴ്ചയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജലാശയങ്ങള്‍ വൃത്തിയാക്കാനായി ജലവിഭവ വകുപ്പ് വാങ്ങിയ സില്‍റ്റ് പുഷര്‍ യന്ത്രം നഗരത്തിലെത്തിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തിലെ വെള്ളക്കെട്ട് തടയാനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും വി.കെ പ്രശാന്ത് എം.എല്‍.എ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് മൂലം ദുരിതമനുഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം വേഗത്തിലാക്കണമെന്നും മഴയില്‍ കേടുപാടുകള്‍ സംഭവിച്ച ജലാശയങ്ങളിലെ പാര്‍ശ്വഭിത്തികളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭയുടെ കീഴിലുള്ള സ്ഥലങ്ങളില്‍ മഴക്കാല പൂര്‍വ ശുചീകരണം പൂര്‍ത്തിയാക്കിയെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കൗണ്‍സില്‍ മീറ്റിംഗ് ചേരും. വെള്ളക്കെട്ട് നിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐ.ഐ.റ്റി പോലുള്ള സ്ഥാപനങ്ങളുടെ സേവനം തേടുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍, മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, റവന്യൂ, പൊതുമരാമത്ത്, മേജര്‍, മൈനര്‍ ഇറിഗേഷന്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു.