തിരുവനന്തപുരം : തലസ്ഥാനത്ത് ആവേശമായി സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോ. ലുലു ഫാഷൻ വീക്കിൻ്റെ ഭാഗമായി സംഘടിപ്പിച്ച യങ് സൂപ്പർ സിക്സ്റ്റി ഫാഷൻ ഷോയിൽ പ്രായം മറന്ന് ഇവർ ചുവടുവയ്ക്കുകയായിരുന്നു. അറുപത് വയസ്സിന് മുകളിലുള്ള പുരുഷന്മാരും സ്ത്രീകളുമടക്കം 15 മോഡലുകൾ ഫാഷൻ ഷോയിൽ പങ്കെടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന ലുലു ഫാഷൻ വീക്കിൻ്റെ റാംപിൽ ചുവടുവെച്ച അവർ പതിനഞ്ച് പേരും പ്രായം വെറും സംഖ്യകൾ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്.
തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം, കണ്ണൂർ സ്വദേശികളാണ് ഷോയിൽ പങ്കെടുത്തത്. അറുപതിനും എഴുപത് വയസ്സിനുമിടയ്ക്ക് പ്രായമുള്ളവരായിരുന്നു എല്ലാവരും. ഫാഷന് പ്രായമില്ലെന്ന് തെളിയിച്ച് ഓരോരുത്തരും റാംപിൽ മോഡലുകളെ പോലെ ചുവടുവെയ്ക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. മാളിൽ തടിച്ചുകൂടിയ ആൾക്കൂട്ടം കയ്യടിച്ചും, ആരവം മുഴക്കിയും സ്വീകരിച്ചതോടെ മോഡലുകൾ ഓരോരുത്തരും കുടുതൽ ആവേശത്തിലായി. ഷോയിൽ ഷോ സ്‌റ്റോപ്പറായി എത്തിയത് രാജ്യത്തെ പ്രമുഖ സൂപ്പർ മോഡലും, സിനിമ താരവുമായ ദിനേശ് മോഹൻ ആയിരുന്നു.
മോഡൽ ലുക്കിൽ ഫോട്ടോ ഷൂട്ടുകളിലൂടെയും, റീൽ വീഡിയോകളിലൂടെയും മറ്റും വൈറലായവരെ സൂപ്പർ സിക്സ്റ്റി ഷോയിലേക്ക് ലുലു ഫാഷൻ വീക്ക് അധികൃതർ ക്ഷണിയ്ക്കുകയായിരുന്നു. ഷോയിൽ പങ്കെടുത്ത പതിനഞ്ച് പേരെയും ലുലു മാൾ അധികൃതർ ആദരിച്ചു.