തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ഇന്നലെ അപകടത്തിൽപ്പെട്ട ടാങ്കർ ലോറി ഉയർത്തി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. രാത്രി 12.30 യോടെയാണ് ടാങ്കർ ലോറി ഉയർത്തിയത്. വിഴിഞ്ഞത്ത് നിന്നു കൊണ്ടുവന്ന കൂറ്റൻ ക്രയിനിന്റെ സഹായത്തോടെയാണ് ലോറി ഉയർത്തിയത്.
ടാങ്കറിലുണ്ടായിരുന്ന എൽപിജി ഗ്യാസ് മറ്റ് ലോറികളിലേക്ക് മാറ്റിയിരുന്നു. ഇന്നലെ വെളുപ്പിന് നാല് മണിക്കാണ് പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞത്. ഡ്രൈവറായ നാമക്കൽ സ്വദേശി എറ്റിക്കൺ (65) പരിക്കില്ലാതെ രക്ഷപ്പെട്ടു. കൊച്ചിയിൽ നിന്നും തിരുനെൽ വേലിക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.
അപകടം നടന്ന സമയം മുതൽ പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള ഗതാഗതം നിർത്തി വച്ചിരിക്കുകയായിരുന്നു. തുടർന്ന് നിലവിൽ ഗതാഗതം പുനസ്ഥാപിച്ചിരിക്കുകയാണ്.