കണ്ണൂർ : ടാങ്കറിൽ നിന്ന് വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കണ്ണൂർ രാമപുരത്താണ് സംഭവം. ചോർച്ച ഉണ്ടായതിനെ തുടർന്ന് സമീപത്തെ നഴ്സിംഗ് കോളേജിലെ 10 പേർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രാമപുരം ക്രസന്‍റ് നഴ്സിങ് കോളെജിലെ 10 വിദ്യാർഥികൾക്കാണു ശ്വാസതടസം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാങ്കറിൽ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ് ചോർച്ചയുണ്ടായത്. ഇന്നലെ ഹൈഡ്രോക്ലോറിക് ആസിഡുമായി പോയ ടാങ്കർ ലോറിയുടെ വാൽവിലൂടെ ആസിഡ് ചോർന്നിരുന്നു. തുടർന്ന് ലോറിയിൽനിന്ന് ആസിഡ് മാറ്റുകയായിരുന്നു. ഇന്നലെ 6 മണിയോടെയാണ് സംഭവം നടന്നത്. ഇതിനിടെയാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലാണ് ചോർച്ച ഉണ്ടായത്. വിദ്യാർഥികൾക്കും സമീപവാസികൾക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിർത്തിവച്ചു.പഴയ ടാങ്കറിൽ തന്നെ നിലനിർത്തി ചോർച്ച അടച്ച് യാത്ര തുടരാനാണ് നിലവിലെ തീരുമാനം.