spot_imgspot_img

നിപ; ജില്ലയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Date:

spot_img

മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി 5 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ തിരുവാലിയിൽ ഇന്ന് ആരോഗ്യ വകുപ്പ് സർവേ തുടങ്ങും. വീടുകൾ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താൻ വേണ്ടിയാണ് സർവേ.

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ പത്തുമണിമുതല്‍ വൈകുന്നേരം ഏഴുമണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂവെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞ 24 വയസുകാരന്‍. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 4 സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഐസൊലേഷനിലുള്ള 5 പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി വീണ ജോർജ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രിയങ്ക ഗാന്ധി

വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി....

ഉപതിരഞ്ഞെടുപ്പ്; പാലക്കാടൻ വിജയത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിൽ...

ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന് മിന്നും...

അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ ശ്രദ്ധ നേടുന്നു

ഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിൻ്റെ പവിലിയൻ...
Telegram
WhatsApp