കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കണ്ടപ്പൻചാൽ സ്വദേശിനികളായ രാജേശ്വരി(60), കമല എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം സംഭവിച്ചത്.
നിലവിൽ ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായിട്ടാണ് റിപ്പോർട്ട്. 40ലധികം പേരാണ് ബസിലുണ്ടായിരുന്നത്.പരിക്കേറ്റ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 12 പേരാണ് തിരുമ്പാടി ലിസ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അതേ സമയം അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നിര്‍ദേശം നല്‍കി.