തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് രണ്ടുപേർക്ക് പരുക്ക്. പേരൂർക്കട ഗവൺമെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം നടന്നത്. പനിക്ക് ചികിത്സ തേടിയെത്തിയ രോഗിക്കും കൂടെ വന്ന ആൾക്കുമാണ് പരിക്കേറ്റത്.
വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് പരുക്കേറ്റത്. പനിക്ക് ചികിത്സ തേടിയാണ് ശാലിനി അമ്മയോടൊപ്പം ആശുപത്രിയിൽ എത്തിയത്. തുടർന്ന് ശാലിനിയെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരുന്നു. വാർഡിലെ കട്ടിലിൽ കിടന്ന ശാലിനിയ്ക്ക് സമീപമായി ‘അമ്മ ഗീതയും ഇരുന്നിരുന്നു.
ആ സമയത്താണ് ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീണത്. ഫാനിന്‍റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേൽക്കുകയും ശാലിനിയുടെ കാലിനു പരിക്കേൽക്കുകയും ചെയ്തു.