തിരുവനന്തപുരം: തിരുവനന്തപുരത്ത് നാലു വയസുകാരിയോട് ക്രൂരത കാട്ടി അധ്യാപിക. എല്‍കെജി വിദ്യാര്‍ത്ഥിയുടെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേല്‍പ്പിച്ചുവെന്നാണ് പരാതി. മര്‍ദന വിവരം പുറത്തുപറയരുതെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞു പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. ഇന്നലെ സ്കൂളിൽ നിന്ന് വന്നതിനു ശേഷം കുട്ടിക്ക് നടക്കാൻ പ്രയാസം അനുഭവപ്പെട്ടിരുന്നു. ഇത് ശ്രദ്ധിച്ച മാതാപിതാക്കൾ കുട്ടിയെ പരിശോധിക്കുകയും സ്വകാര്യ ഭാഗത്ത് കടുത്ത വേദനയും നീറ്റലുമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് അധ്യാപികയുടെ ക്രൂരത അറിയുന്നത്.
ഇതേ തുടർന്ന് വീട്ടുകാര്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപികയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ താന്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ലെന്നാണ് അദ്ധ്യാപിക പറയുന്നത്. എന്നാൽ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപികയെ മാറ്റാമെന്ന് ഉറപ്പുപറഞ്ഞെന്നും കുട്ടിയുടെ മാതാവ് വ്യക്തമാക്കി. മാത്രമല്ല സ്കൂൾ അധികൃതർ അവര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും രക്ഷകർത്താക്കൾ പറഞ്ഞു.