
തിരുവനന്തപുരം: അതി സങ്കീര്‍ണ ചികിത്സയിലൂടെ അന്നനാളത്തില്‍ കുടുങ്ങിയ മീന്‍മുള്ള് നീക്കം ചെയ്ത് തിരുവനന്തപുരം കിംസ് ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. തൊണ്ടയില്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നാണ് 55കാരി കിംസ്‌ഹെല്‍ത്തിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സ തേടുന്നത്. വൃക്ക രോഗം ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും രോഗിയ്ക്കുണ്ടായിരുന്നു.
ആദ്യ ഘട്ടത്തില്‍ കഴുത്തില്‍ നടത്തിയ സിടി സ്‌കാനില്‍ 2.5×1.5 സെ.മീ വലിപ്പത്തിലുള്ള എന്തോ ഒരു വസ്തു അന്നനാളത്തിന്റെ തുടക്ക ഭാഗത്ത് ഉള്ളതായി വ്യക്തമായി. അടിയന്തിരമായി ഈസോഫാഗോസ്‌കോപ്പി ചെയ്യുകയും അതുവഴി രോഗിയുടെ അന്നനാളത്തിന്റെ മുകള്‍ ഭാഗത്തായി പാര്‍ശ്വഭിത്തിയില്‍ പഴുപ്പും അള്‍സറും കണ്ടെത്തുകയും ചെയ്തു.
അള്‍സര്‍ ബാധിച്ച സ്ഥലത്തെ പഴുപ്പ് നീക്കം ചെയ്തുവെങ്കിലും അസ്വഭാവികമായി മറ്റൊന്നുംതന്നെ അന്നനാളത്തില്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്റെ നേതൃത്വത്തില്‍ നടത്തിയ എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ നീര്‍ക്കെട്ടും, പഴുപ്പോടുകൂടിയ വ്രണവും ഒപ്പം അന്നനാളത്തിലുള്ളിലായി ഒരു വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.
നീര്‍ക്കെട്ടിന്റെയും അണുബാധയുടേയും കാരണങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുന്നതിനായി എന്‍ഡോസ്‌കോപിക് സബ്മ്യൂക്കോസല്‍ ഡൈസെക്ഷന് രോഗിയെ വിധേയമാക്കുകയും, പരിശോധനയില്‍ അന്നനാളത്തിലെ വസ്തു മീന്‍ മുള്ളാണെന്ന് മനസ്സിലാക്കുകയും അപ്പോള്‍ തന്നെ അത് നീക്കം ചെയ്യുകയും ചെയ്തു.
സമീപത്തുള്ള കോശങ്ങള്‍ക്കൊന്നും യാതൊരുവിധ തകരാറുകളും സംഭവിക്കാതെ ഗ്യാസ്ട്രോ ഇന്റസ്റ്റിനല്‍ ട്രാക്ടിലെ ട്യൂമറുകള്‍ നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഒരു മിനിമലി ഇന്‍വാസീവ് പ്രൊസീജ്യറാണ് ഇഎസ്ഡി അഥവാ എന്‍ഡോസ്‌കോപിക് സബ്മ്യൂക്കോസല്‍ ഡൈസെക്ഷന്‍.
ജപ്പാനില്‍ വികസിതമായ ഈ ചികിത്സാരീതി ഇപ്പോള്‍ ഇന്ത്യയിലും കൂടുതലായി ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ശരീരത്തില്‍ കടന്നിട്ടുള്ള ഒരു അന്യപദാര്‍ത്ഥം നീക്കം ചെയ്യുന്നതിനായി ഇഎസ്ഡി പ്രൊസീജ്യര്‍ ഉപയോഗിക്കുന്നത് വളരെ അപൂര്‍വ്വമാണ്. പ്രത്യേക ഹൈബ്രിഡ് നൈഫ് ഉപയോഗിച്ചുകൊണ്ടുള്ള ഈ സങ്കീര്‍ണ പ്രക്രിയ നിര്‍വഹിക്കുവാന്‍ ഉയര്‍ന്ന വൈദഗ്ധവും സാങ്കേതിക അറിവും ആവശ്യമാണ്.
പ്രൊസീജ്യര്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം രോഗിയെ നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റി. രണ്ട് ദിവസത്തിന് ശേഷം നടത്തിയ സിടി സ്‌കാനില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തുകയും രോഗി സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കുവാനാരംഭിക്കുകയും ചെയ്തു.
സബ് മ്യൂക്കോസല്‍ ഡൈസെക്ഷനിലൂടെ മീന്‍ മുള്ള് നീക്കം ചെയ്തതിനാല്‍ രോഗിക്ക് ഒരു വലിയ ശസ്ത്രക്രിയയും ദീര്‍ഘനാളത്തെ ആശുപത്രി വാസവും ഒഴിവാക്കുവാന്‍ സാധിച്ചെന്ന് ഡോ. മധു ശശിധരന്‍ പറഞ്ഞു.
ഹെപറ്റോ ബൈലറി ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷബീര്‍ അലി ടി.യു, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ്മാരായ ഡോ അജിത് കെ നായര്‍, ഡോ. ഹരീഷ് കരീം, കണ്‍സള്‍ട്ടന്റ് ഡോ. സിംന എല്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമാരായ ഡോ. അരുണ്‍ പി, ഡോ. ദേവിക മധു, നെഫ്രോളജി വിഭാഗം സീനീയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ മുരളീധരന്‍, ഇഎന്‍ടി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സലില്‍ കുമാര്‍, അനസ്‌തേഷ്യ വിഭാഗത്തില്‍ ഡോ. അരുണ്‍ എന്‍.എസ്, ഡോ. സൂരജ് എംഎസ് എന്നിവരും പ്രൊസീജ്യറിന്റെ ഭാഗമായി.


