
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 തെരഞ്ഞെടുപ്പിനായി മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബർ 17, 18 തീയതികളിൽ നടത്തും. 2026 ജനുവരിയിൽ അഭിമുഖം പൂർത്തിയാക്കി ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെ.എ.എസ്. തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകൾക്ക് തീരുമാനിച്ചിട്ടുള്ളത്.
പ്രാഥമിക പരീക്ഷയിലും അന്തിമ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും, ന്യൂനപക്ഷങ്ങൾക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരമെഴുതാം.


