
തിരുവനന്തപുരം: പെൺകുട്ടിയോട് മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിതുരയിൽ 16 കാരന് ക്രൂര മർദനം. സമപ്രായക്കാരായ സുഹൃത്തുക്കളാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അവശനാക്കിയത്.
കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം നടന്നത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. പതിനാറുകാരനെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തിൽ എത്തിച്ച ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂന്ന് പേർ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചത്. ഇവരിൽ രണ്ടു പേർ കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പാസ്സായതിനു ശേഷം പഠനം ഉപേക്ഷിച്ചവരും ഒരാൾ പ്ലസ് ഒന്നു വിദ്യാർഥിയുമാണ്.
സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് മര്‍ദനമേറ്റ കുട്ടി ഇക്കാര്യം വിട്ടില്‍ പറയുകയോ രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തിരുന്നില്ല. തുടർന്ന് ഇന്നലെ കുട്ടിയുടെ അമ്മയുടെ ഫോണിൽ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തുവരുന്നത്. ഉടൻ തന്നെ രക്ഷിതാക്കൾ ആര്യനാട് പോലീസിൽ പരാതി നൽകുകയും ആക്രണം നടത്തിയ മൂന്ന് കുട്ടികളെ ജുവനൈല്‍ ബോര്‍ഡിന് മുന്പില് ഹാജരാക്കുകയും ചെയ്തു.


