
കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു. പാങ്ങപ്പാറ കൈരളി നഗർ തിരുവാതിരയിൽ റെജി (40) നെയാണ് വെട്ടിയത്. സഹോദരൻ രാജീവ് (37) നെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. റെജി മൺവിളയിൽ തൻ്റെ ഓട്ടോ ഒതുക്കിയിട്ടിരിക്കുമ്പോൾ വെട്ടുകത്തിയുമായി വന്ന രാജീവ് വെട്ടുകത്തിയുമായി വന്ന് വാക്കേറ്റം നടത്തി തുടർന്ന് റെജിയെ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി കൈയ്യിൽ കരുതിയ വെട്ടുകത്തി കൊണ്ട് വെട്ടി.
വെട്ടുകൊണ്ട ശേഷം ഓട്ടോയിൽ കയറാൻ ശ്രമിച്ച റെജിയെ വീണ്ടും വെട്ടി പരിക്കേൽപിച്ചു. വലതു കൈയ്ക്ക് സാരമായി പരിക്കുള്ള റെജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .
സംഭവശേഷം രാജീവ് ഓടി രക്ഷപെട്ടു. രാജീവിൻ്റെ ഭാര്യയുടെ സ്വർണ്ണം റെജി പണയം വച്ചു എന്ന് ആരോപിച്ച് ഉണ്ടായ വാക്കേറ്റത്തെ തുടർന്ന് രാജീവ് പലതവണ തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് റെജി കഴക്കൂട്ടം പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ വൈരാഗ്യമാകാം സഹോദരനെ വെട്ടി പരിക്കേൽപിച്ചതാണെന്ന് കഴക്കൂട്ടം പൊലീസ് . പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു


