
തിരുവനന്തപുരം: പോക്സോ കേസിൽ വിശദീകരണവുമായി വ്‌ളോഗർ മുകേഷ് എം നായർ രംഗത്ത്. കേസ് മനഃപൂർവം കെട്ടിച്ചമച്ചതാണെന്ന് മുകേഷ് എം നായർ പറയുന്നു. ഇത് കള്ളക്കേസാണെന്നും പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് വ്ലോഗർ പറയുന്നത്.
ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മുകേഷിന്റെ പ്രതികരണം. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്‌ളോഗർമാരെന്നും പോലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും മുകേഷ് വ്യകത്മാക്കി. അതേസമയം, പരാതിക്കാരിക്ക് 16 വയസ് മാത്രമേയുള്ളെന്നതിനാൽ റീൽസ് ചിത്രീകരിക്കാൻ അനുമതി വാങ്ങിയാൽപോലും കുറ്റകരമാണെന്നാണ് പൊലീസ് നിലപാട്.
കുറിപ്പിന്റെ പൂർണ്ണ രൂപം;
നിങ്ങളെപ്പോലെ ഞാനും വാര്‍ത്ത കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇതൊരു കെട്ടിച്ചമച്ച കേസാണ്. അത് തെളിയിക്കാനുള്ള എല്ലാ തെളിവുകളും എന്‍റെ കയ്യിലുണ്ട്. ഞാന്‍ അത് എന്‍റെ വക്കീലായ അഫ്സല്‍ ഖാന്‍ വഴി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നോട് ദേഷ്യമുള്ള ഒരുകൂട്ടം വ്‌ളോ ചേര്‍ന്ന് ഉണ്ടാക്കിയ ആരോപണമാണ്. കാരണം 1000ത്തിലധികം ഉദ്ഘാടനങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. വേള്‍ഡ് റെക്കോഡ് ഉള്ള ആളാണ്. 2000ത്തിലധികം ബ്രാന്‍ഡ് കൊളാബ്റേഷന്‍സ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കൊന്നും ഒരു വര്‍ക്കും കിട്ടുന്നില്ല. അത് എന്‍റെ കുറ്റമല്ല. അവിചാരിതമായി ഇന്‍ഫ്ളൂവന്‍സറായ ആളാണ് ഞാന്‍. കുറേ നാളായി എനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ക്യാംപയിന്‍സ് നടക്കുന്നുണ്ട്. പക്ഷേ ഞാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഒരു പെണ്ണ്കേസ്. ഒരാളെ ഒരു പെണ്ണുകേസില്‍ കുടുക്കിയാല്‍ ആളുകള്‍ പ്രമോഷനും ഉദ്ഘാടനത്തിനും വിളിക്കാന്‍ മടിക്കും. ഈ വ്ളോഗര്‍ ആ പെണ്‍കുട്ടിയെ വെച്ച് കളിക്കുന്നതാണിത്. അതിന്‍റെ തെളിവുകളുണ്ട്. കോടതിയില്‍ കേസ് നടക്കുന്നത് കൊണ്ട് എനിക്ക് കൂടുതലൊന്നും പറയുന്നില്ല. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ എന്‍റെ വക്കീലിനോട് ചോദിക്കാം.


