
ന്യൂഡൽഹി: പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലെ ഒൻപതിടങ്ങളിലുള്ള ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. 12 ഭീകരർ കൊല്ലപ്പെട്ടെന്നും 55 പേർക്ക് പരുക്കേറ്റെന്നും വിവരമുണ്ട്. <span;>പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായാണ് ഇന്ത്യ <span;>ഇന്നു പുലർച്ചെ 1.44 ഓടെ ആക്രമണം നടത്തിയത്. ഇന്ത്യയുടെ കര, നാവിക, വ്യോമ സേനകൾ സംയുക്തമായി, ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം നടത്തിയത്. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു ലഭിക്കുന്ന വിവരം. ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. ആക്രമണത്തിനു പിന്നാലെ ‘നീതി നടപ്പാക്കി’യെന്ന് കരസേന പ്രതികരിച്ചു. പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളെ ആക്രമിച്ചിട്ടില്ലെന്നും ഭീകരതാവളങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സൈന്യം പറഞ്ഞു. ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ത്യ ഇന്നു രാവിലെ പത്തുമണിക്കുള്ള വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നാണ് അറിയുന്നത്.
ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ്പ് തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 22 നാണ് കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാരകേന്ദ്രത്തിൽ പാക്ക് പിന്തുണയോടെ ഭീകരാക്രമണമുണ്ടായത്. 26 ഇന്ത്യക്കാർ അന്നു കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ലഷ്കറുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു. ആക്രമണത്തിനു ശേഷം ഇന്ത്യ പാക്കിസ്ഥാനുമായുള്ള സിന്ധുനദീതട കരാർ റദ്ദാക്കുകയും പാക്ക് പൗരന്മാരെ പുറത്താക്കി അതിർത്തികൾ അടയ്ക്കുകയും ചെയ്തിരുന്നു.


