
തിരുവനന്തപുരം: കുട്ടികളുടെ കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍ക്കായി ലക്ഷങ്ങള്‍ മുടക്കി എസ്എറ്റി ആശുപത്രിയില്‍ സ്ഥാപിച്ച യൂറോ ഡയനാമിക് യൂണിറ്റ് ഉദ്ഘാടനം നടത്താനാവാത്തതിനാല്‍ നശിക്കുന്നു. ഉദ്ഘാടനത്തിന് മന്ത്രിയുടെ സമയം കിട്ടാത്തതാണ് കാരണമെന്നാണ് അറിയുന്നത്.
കെഎച്ച് ആര്‍ ഡബ്ല്യൂഎസിന്റെ തനതുഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി പേ വാര്‍ഡിന് സമീപമായി സ്ഥാപിച്ച യൂണിറ്റാണ് കുട്ടികളായ രോഗികള്‍ക്ക് ഉപകാരപ്പെടാതെ നശിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോടികള്‍ മുടക്കി പുതുതായി വാങ്ങിയ സിടി ,എംആര്‍ഐ സ്‌കാനറുകള്‍ക്കും ഇതേ അവസ്ഥയാണ്, പ്രവര്‍ത്തിപ്പിക്കാതെ പൂട്ടിയിട്ടിരിക്കുന്നു.
സിടി ,എംആര്‍ഐ സ്‌കാനുകള്‍ക്കായി രോഗികള്‍ മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് പുതുതായി സ്ഥാപിച്ച സ്‌കാനറുകള്‍ ആര്‍ക്കും പ്രയോജനമില്ലാതെ കിടക്കുന്നത്. ഇവിടെ പുതുതായി നിര്‍മ്മിച്ച മെഡിക്കല്‍ ഹബ്ബിനും കോടികള്‍ ചിലവഴിച്ച കഥയുണ്ട്. ഉദ്ഘാടനം നടക്കാതെ ഇതും പൂട്ടികിടക്കുകയാണ്. സാധാരണ ഇതിനു മുമ്പുണ്ടായിരുന്ന എംഡിമാര്‍ ഇത്തരം കാര്യങ്ങള്‍ ബാങ്ക് വായ്പ തരപ്പെടുത്തിയാണ് നടത്തിയതെങ്കില്‍ ഇപ്പോഴത്തെ എംഡി തനത് ഫണ്ട് ഉപയോഗിച്ചാണ് ഇവ ചെയ്യുന്നത്.
ഇതുകാരണം ജീവനക്കാരുടെ പേ റിവിഷന്‍ ഉള്‍പ്പെടേയുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രയാസത്തിലുമാണ് കെ.എച്ച് ആര്‍ ഡ്ബ്ല്യൂ എസ്.അതിനിടയിലാണ് വരുമാനം കിട്ടാനിടയുള്ള സംവിധാനങ്ങള്‍ ഇങ്ങനെ നശിക്കുന്നത്. ഇതിനിതെരെ ജീവനക്കാരില്‍ തന്നെ കടുത്ത അമര്‍ഷം ഉണ്ട്. മന്ത്രി ഉദ്ഘാടനത്തിന് സമയം കണ്ടെത്തിനല്‍കി പാവപ്പെട്ട രോഗികളുടെ പ്രയാസങ്ങള്‍ക്ക് അറുതിവരുത്തണമെന്ന ആവശ്യം നാട്ടുകാര്‍ക്കുമുണ്ട്.


