Press Club Vartha

ഒന്‍പതുകാരിയെ തടഞ്ഞു നിര്‍ത്തി; ബലമായി ഉമ്മ വയ്പ്പിച്ചു; 54കാരന് 14 വര്‍ഷം കഠിന തടവും പിഴയും

തിരുവനന്തപുരം: കളിച്ചു കൊണ്ടിരുന്ന ഒന്‍പത് വയസ്സുകാരിയെ തടഞ്ഞു നിര്‍ത്തുകയും പരസ്യമായി നിര്‍ബന്ധിച്ച് ഉമ്മ വയ്പ്പിക്കുകയും ചെയ്‌തെന്ന കേസില്‍ മധ്യവയസ്‌കന് തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി ബേസില്‍ ജോസഫ് എന്ന 54കാരനെയാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. പ്രതിക്ക് 14 വര്‍ഷം കഠിനതടവും 26,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വര്‍ഷവും മൂന്നുമാസവും അധികതടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. പിഴത്തുകയും ലീഗല്‍ സര്‍വീവ്‌സ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

2024 ഒക്ടോബര്‍ 20 നാണ് കേസിനാസ്പദമായ സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി നിര്‍ബന്ധിച്ച് ഉമ്മവെപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി കരഞ്ഞു കൊണ്ട് പിതാവിനോട് കാര്യം പറയുകയും ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍, അഡ്വ. സുരഭി എന്നിവര്‍ ഹാജരായി. വലിയതുറ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എസ്.ജയശ്രീയാണ് കേസന്വേഷിച്ചത്.

Share This Post
Exit mobile version