
തിരുവനന്തപുരം: ബാധ ഒഴിപ്പിക്കാനെന്ന് വിശ്വസിപ്പിച്ച് പതിനാലുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്ഷേത്രം പൂജാരി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം കണ്ണമ്മൂല ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന എറണാകുളം സ്വദേശി ബിനീഷിനെയാണ് തിരുവനന്തപുരം പോക്സോ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. കേസില്‍ 28ന് കോടതി വിധി പറയും. പരീക്ഷാപ്പേടി മാറ്റാമെന്ന് പറഞ്ഞ് ബാധ ഒഴിപ്പിക്കണമെന്ന് വിശ്വസിപ്പിച്ച് പൂജാമുറിയിലെത്തിച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.
2019ലാണ് കേസിനാസ്പദമായ സംഭവം. പരീക്ഷാപേടിയുണ്ടായിരുന്ന 14കാരിയെ പൂജയ്ക്കായി അമ്മ പൂജാരിയുടെ അടുക്കല്‍ കൊണ്ടുവന്നതായിരുന്നു. പൂജാരി കുട്ടിക്ക് ബാധയേറ്റതാണെന്നും ഒഴുപ്പിക്കണമെന്നും ഇതിനായി പ്രത്യേക പൂജ നടത്തണമെന്നും അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് മുതലെടുത്ത് പ്രതി കുട്ടിയെ പൂജാമുറിക്കുള്ളിലെത്തിച്ച് പല തവണ പീഡിപ്പിച്ചു എന്നാണ് പരാതി.
കുട്ടിയുടെ പരീക്ഷാപ്പേടി മാറാതെ വന്നതോടെ അമ്മ തൊട്ടടുത്തുള്ള ഒരു മെന്റല്‍ എയ്ഡ് ക്യാമ്പിലെത്തിക്കുകയും ഇവിടെനിന്ന് ഡോക്ടറുമായുള്ള സംസാരത്തിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയുമായിരുന്നു. ഡോക്ടര്‍ പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് സംഭവത്തില്‍ കേസ് എടുത്തത്.