തിരുവനന്തപുരത്ത് ബിജെപിയുടെ സ്റ്റാര്‍ വാര്‍; നേമത്ത് രാജീവ് ചന്ദ്രശേഖറും വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും; വന്‍ താരനിരയുമായി ബിജെപി

0
25

തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം ജില്ലയില്‍ സ്റ്റാര്‍ വാറിന് കളമൊരുക്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിട്ടുള്ളത്. സിപിഐഎം വിട്ട് ബിജെപിയിലെത്തിയ എസ്.രാജേന്ദ്രനും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും മത്സര രംഗത്തുണ്ട്.

ബിജെപിക്ക് ഏറ്റവും വിജയ സാധ്യതയുള്ള നേമം മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാര്‍ത്ഥി. വിജയസാധ്യത കല്‍പിക്കപ്പെടുന്ന വട്ടിയൂര്‍ക്കാവില്‍ ആര്‍.ശ്രീലേഖയും മത്സരിക്കും. കഴക്കൂട്ടത്താണ് വി.മുരളീധരന്‍ മത്സരിക്കുന്നത്. കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസും മത്സരിക്കും. നേമം ഇക്കുറി എന്തായാലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നേടിയ ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ മുന്നേറ്റവും വിജയം നല്‍കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

മഞ്ചേശ്വരത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനും പാലക്കാട് ശോഭാ സുരേന്ദ്രനും തൃശൂരില്‍ പത്മജാ വേണുഗോപാലും ഒറ്റപ്പാലത്ത് മേജര്‍ രവിയും മത്സര രംഗത്തുണ്ട്. സിപിഐഎം വിട്ട് ബിജെപിയിലെത്തിയ എസ്.രാജേന്ദ്രന്‍ ദേവികുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകും. വര്‍ഷങ്ങളോളം എസ്.രാജേന്ദ്രന്‍ വിജയിച്ച സീറ്റാണ് ദേവികുളം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറില്‍ പിസി ജോര്‍ജും പാലായില്‍ ഷോണ്‍ ജോര്‍ജുമാണ് മത്സരിക്കുന്നത്.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പെട്ട 47-ല്‍ ഏഴുപേര്‍ വനിതകളാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here