തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മാർച്ച്. സംസ്ഥാനവ്യാപകമായിട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. പല സ്ഥലങ്ങളിലും സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.
ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നു നാലു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പൊലീസ് ലാത്തിച്ചാർജില്‍ അബിൻ വർക്കിക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്.
പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യുകയാണ്. നിലവിൽ സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്. പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.