തിരുവനന്തപുരം: വൈദ്യുതി ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നടപടിയിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ റെഗുലേറ്ററി കമ്മീഷൻ ഓഫീസ് ഉപരോധിച്ചു.
റെഗുലേറ്ററി കമ്മീഷൻ നടത്തിയ തെളിവെടുപ്പിൽ പങ്കെടുത്തവരെ ഗുണ്ടകളെന്നു ആക്ഷേപിച്ച KSEB ക്കു വഴങ്ങി നിൽക്കുന്ന റെഗുലേറ്ററി കമ്മീഷനു കേരളത്തിലെ പൊതുജനങ്ങളോടാണ് പ്രതിബദ്ധത വേണ്ടത് എന്നു ഓർമിപ്പിച്ചു കൊണ്ടു നടത്തിയ ഉപരോധ സമരം ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൻ ഉൽഘാടനം ചെയ്തു.
വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ തെളിവെടുപ്പിൽ പങ്കെടുത്ത ആയിരങ്ങളുടെ പ്രതിഷേധത്തെ മറികടന്നു വൈദ്യുതി ചാർജ് വർധിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നടപടിയിൽ പ്രതിഷേധിച്ചാണ് റെഗുലേറ്ററി കമ്മീഷൻ ഓഫീസ് ഉപരോധിച്ചതെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ പറഞ്ഞു.
കേരളത്തിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന ഇലക്ട്രിസിറ്റി ബോർഡിന്റെ കൊള്ളയ്ക്കു ആം ആദ്മി പാർട്ടി ജനങ്ങൾക്ക് വേണ്ടി തെരുവിൽ സമരത്തിനിറങ്ങിയിരിക്കുകയാണ്.
റെഗുലേറ്ററി കമ്മീഷന്റെ ജീവനക്കാർ ഉൾപ്പെടെ ഒരാളെ പോലും അകത്തേക്ക് കടത്തിവിടില്ല എന്ന രീതിയിൽ സമരം ചെയ്ത ആം ആദ്മി പാർട്ടി പ്രവർത്തകരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.
ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൻ, പാർട്ടി വർക്കിങ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ്, പാർട്ടി ജനറൽ സെക്രട്ടറി അരുൺ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. റോയ്, ഷൗക്കത്ത് അലി ഏറോത്ത് (കോഴിക്കോട്), മറ്റു സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവരും സമരത്തിനു നേതൃത്വം നൽകി. സമരമുഖത്തു മുൻനിരയിൽ നിന്നു നയിച്ച നേതാക്കൾക്കൊപ്പം വിവിധ ജില്ലാ ഭാരവാഹികളും പാർട്ടി വോളണ്ടിയർമാരും ഉപരോധ സമരത്തിൽ പങ്കെടുത്തു.