spot_imgspot_img

കേരള സ്കൂൾ കായികമേള; ഒരുക്കങ്ങൾ പൂർണ്ണം

Date:

spot_img

എറണാകുളം: കേരള സ്കൂൾ കായിക മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. മഴയുടെ കാര്യത്തിൽ ആശങ്കയുണ്ട്. എം എൽ എമാർ, അധ്യാപകർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ അംഗങ്ങളായുള്ള വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മേളയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഇന്ന്‌ (തിങ്കളാഴ്ച 4) ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്ന് ട്രോഫി ദീപശിഖ റാലി പ്രയാണം ആരംഭിക്കും. 2500 കുട്ടികൾ പങ്കെടുക്കും. ജോസ് ജംക്ഷൻ, എം.ജി. റോഡ് വഴി ഉദ്ഘാടന വേദിയായ മഹാരാജാസ് ഗ്രൗണ്ടിൽ എത്തും. മൂന്നിന് കുട്ടികൾ മാർച്ച് പാസ്റ്റിന് അണിനിരക്കും. നാലിന് മാർച്ച് പാസ്റ്റ് ആരംഭിക്കും. 4.30 ന് മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഗ്രൗണ്ടിൽ ദീപശിഖ വഹിച്ചുള്ള ഓട്ടം ആരംഭിക്കും. 4.45 ന് ദീപശിഖ കൊളുത്തും. 4.50 ന് പ്രതിജ്ഞ. തുടർന്ന് 5 ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 5.30 ന് സാംസ്കാരിക പരിപാടി ഉദ്ഘാടനം. 6.30 വരെ 4000 കുട്ടികൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികൾ നടക്കും. പിടി ഡിസ്പ്ലേ, കലസ്തെനിക്സ്, എയ്റോബിക്സ്, സൂംബ, അത്തച്ചമയം, ക്വീൻ ഓഫ് അറേബ്യൻ സീ, തിരുവാതിര, പുലികളി, ചെണ്ടമേളം തുടങ്ങിയവ അണിനിരക്കും.

കായിക മേള നടക്കുന്ന എറണാകുളം ജില്ലയെ ആറ് ക്ലസ്റ്ററുകളായി തിരിച്ച് ഓരോ ക്ലസ്റ്ററുകൾക്കും എം എൽ എ മാർക്ക് ചുമതല നൽകിയുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നതെന്ന് ടി.ജെ. വിനോദ് എം.എൽ.എ. പറഞ്ഞു.

കായികമേളയുടെ സുരക്ഷ ഉറപ്പറക്കുന്നതിനായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പി. വിമലാദിത്യ പറഞ്ഞു. മേളയുടെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് സംഘങ്ങളെ കണ്ടെത്താൻ എക്സൈസിൻ്റെയും പോലീസിൻ്റെയും നേതൃത്വത്തിൽ 40 സ്പെഷ്യൽ സ്ക്വാഡുകൾ രംഗത്തുണ്ടാകും. കൺട്രോൾ റൂമും പ്രവർത്തിക്കും.
എല്ലാ വേദികളിലും ആരോഗ്യ വകുപ്പിൻ്റെ സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ എൻ. എസ്.കെ. ഉമേഷ് പറഞ്ഞു. കെ എസ് ഇ ബി, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകും. കുട്ടികളുടെ താമസം, ടോയ്ലെറ്റ് സൗകര്യങ്ങൾ എന്നിവ മികച്ച നിലവാരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
കൊച്ചി മേയർ എം. അനിൽകുമാർ, എം.എൽ.എ മാരായ പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ. എസ്. സുധാകരൻ, അസിസ്റ്റൻ്റ് കമ്മീഷണർ സി. ജയകുമാർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

*രജിസ്ട്രേഷൻ നടപടികൾ*

തിങ്കളാഴ്ച രാവിലെ 10 മുതൽ 20 കൗണ്ടറുകളിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. അഞ്ചിന് ആരംഭിക്കുന്ന ഗെയിമുകളുടെ രജിസ്ട്രേഷനാണ് ആദ്യം ദിവസം നടക്കുന്നത്. അഞ്ചിന് 17 വേദികളിലും രാവിലെ ഏഴുമണി മുതൽ രജിസ്ട്രേഷൻ തുടങ്ങും. എറണാകുളം ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ് പ്രധാന ഓഫീസ് പ്രവർത്തിക്കുന്നത്.

*ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തും*

കായിക മേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വേദികളിലേക്കും മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോ ഓഡിനേറ്റർമാരുടെ സംഘo പ്രവർത്തിക്കും. എല്ലാ വേദികളിലും ആംബുലസ് സംവിധാനം ഏർപ്പെടുത്തും. അലോപ്പതി, ആയുർവേദ, ഹോമിയോപ്പതി സേവനം ഉറപ്പാക്കി ഫിസിയോ തെറാപ്പിസ്റ്റുകളുടെയും സ്പോർട്ട്സ് ആയൂർവേദയുടെയും ടീം കുട്ടികളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കും.

പരിക്ക് പറ്റുന്ന കായിക താരങ്ങൾക്ക് സുരക്ഷ ഒരുക്കുന്നതിനായി ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കും. അവർക്കായി
കട്ടിൽ, ബെഡ്, സ്ട്രച്ചർ, വിൽ ചെയർ എന്നിവ സജ്ജമാക്കും. ഒരു ലക്ഷം- ഒരു ലക്ഷ്യം എന്ന നേത്രദാന പദ്ധതിയുടെ നേരിട്ടുള്ള രജിസ്ട്രേഷനും ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യങ്ങൾ വേദികളിൽ ഒരുക്കും. ഭിന്നശേഷിക്കാരായ നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കായിക മേളയിൽ അവർക്കാവശ്യമായ മെഡിക്കൽ സൗകര്യങ്ങളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. മഹാരാജാസ്, കടവന്ത്ര എന്നിവിടങ്ങളിലെ വേദികളിൽ കായിക താരങ്ങൾക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ചായ, ലൈംടീ എന്നിവയും നൽകും.

*2590 ട്രോഫികൾ*

മത്സര വിജയികൾക്ക് വിതരണം ചെയ്യുന്നതിനുള്ള 2590 ട്രോഫികൾ എറണാകുളം എസ് ആർ വി സ്കൂളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവിടെ നിന്ന് തിങ്കളാഴ്ച ഉച്ചയോടെ അതത് വേദികളിലെത്തും. കോലഞ്ചേരി, കോതമംഗലം, തൃപ്പൂണിത്തുറ, ഫോർട്ട് കൊച്ചി, എറണാകുളം എന്നിങ്ങനെ അഞ്ച് മേഖലകളിലായി തിരിച്ചാണ് ട്രോഫികൾ എത്തിക്കുക. അത്‌ലറ്റിക്സ് ഇനങ്ങൾക്ക് നൽകുന്ന ട്രോഫികൾ മഹാരാജാസ് ഗ്രൗണ്ടിലെ വേദിയിൽ പ്രത്യേകമായി പ്രദർശിപ്പിക്കും.

*ഹരിത മേള*

മേളയുടെ വിവിധ വേദികളിൽ ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിന് പ്രധാന അധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. എൻ എസ് എസ് വൊളൻ്റിയർമാർ ഉൾപ്പടെ 14 വൊളൻ്റിയർമാർ ഓരോ വേദിയിലുമുണ്ടാകും. ഓരോ വേദിയിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹരിത കർമ്മസേനയുടെ സേവനവുമുണ്ട്. ഗ്രീൻ പ്രോട്ടോക്കോൾ ബോർഡുകൾ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന ശബ്ദസന്ദേശവും ഇടയ്ക്കിടെയുണ്ടാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ...

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; കടുത്ത നിയന്ത്രണം

ഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷം. 481 ആണ് എയർ ക്വാളിറ്റി...
Telegram
WhatsApp