spot_imgspot_img

നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറണം: ഗവർണർ

Date:

spot_img

തിരുവനന്തപുരം: ജനാധിപത്യ പ്രകിയയിൽ മികച്ച മാതൃകകൾ തീർക്കുന്ന കേരളം നൂറ് ശതമാനം സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ആദ്യ സംസ്ഥാനമായി മാറണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അഭിപ്രായപ്പെട്ടു. ദേശീയ വോട്ടർ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. ജനാധിപത്യത്തോടും വോട്ടിംഗിനോടും എല്ലാക്കാലവും പ്രതിബദ്ധത കാട്ടിയ ജനങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിനായി നിതാന്ത പരിശ്രമം നടത്തുന്ന ബൂത്ത് തലം വരെയുള്ള ഉദ്യോഗസ്ഥരെ ഈ വേളയിൽ അഭിനന്ദിക്കുന്നു.

ലോകത്ത് ഒരു രാജ്യത്തിനും ചിന്തിക്കാൻ കഴിയാത്ത ബൃഹത്തായ ജനാധിപത്യ ക്രമമാണ് ഇന്ത്യക്കുള്ളത്. സ്വാതന്ത്ര്യ പ്രഖ്യാപന വേളയിൽ ബ്രിട്ടനിൽ ഉണ്ടായ പ്രധാന സംവാദങ്ങളിലൊന്ന് ഇന്ത്യക്ക് ജനാധിപത്യം അർഹിക്കുന്നില്ല എന്നതായിരുന്നു. വികസനമറിയാത്ത പാവങ്ങളായ ഗ്രാമവാസികൾക്കിടയിലേക്ക് ജനാധിപത്യത്തിനെക്കുറച്ചും വോട്ടിംഗിനെക്കുറിച്ചുമുള്ള അറിവെത്തിയിട്ടില്ല എന്നതായിരുന്നു പ്രധാന വാദം.

നമ്മൾ സ്വാതന്ത്ര്യം അർഹിക്കുന്നുവെന്ന് കാലം തെളിയിച്ചു. രാജ്യം റിപ്പബ്ലിക് ആയതിനു ശേഷമുള്ള 75 വർഷങ്ങളിൽ ആധുനിക ഇന്ത്യയുടെ രൂപീകരണത്തോടൊപ്പം നമ്മുടെ ജനാധിപത്യവും ശക്തമായി. കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നു. ഇന്ന് മുതിർന്നവർക്കും ശാരീരിക അവശതകളുള്ളവർക്കും വീടുകളിൽ തന്നെ വോട്ടിംഗ് സൗകര്യമൊരുക്കിയത് മാതൃകാ നടപടിയാണ്.

വൈകാരികമായി ജനാധിപത്യ പ്രക്രിയയിൽ ഇടപെടുന്ന ജനത എന്ന നിലയിൽ എന്നും വോട്ടിംഗിലെ നവീനതകളെ ഇരു കൈയും നീട്ടി കേരളം സ്വീകരിച്ചു. രാജ്യത്ത് ആദ്യ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് കേരളത്തിലാണെന്നത് ശ്രദ്ധേയമാണ്.

പുതിയ വോട്ടർമാർമാരെ സംബന്ധിച്ചടുത്തോളം മികച്ച സർക്കാരിനെയും സ്ഥാനാർത്ഥികളെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വിവേകത്തോടെ വോട്ടിംഗിനെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വോട്ടിംഗ് പ്രക്രിയയ്ക്ക് വിദ്യാഭ്യാസം ആവശ്യമുണ്ട്. സ്ഥാനാർത്ഥികളെ താരതമ്യപ്പെടുത്തൽ, മികച്ചതിനെ തെരഞ്ഞെടുക്കൽ എന്നിവയാണ് അതിലെ ഘടകങ്ങൾ.

അതേ സമയം നോട്ടക്കുള്ള വോട്ട് കടമയിൽ നിന്നുള്ള ഒളിച്ചോട്ടമാണോ എന്ന് വോട്ടർമാർ പരിശോധിക്കണം. നമുക്ക് താൽപര്യമുള്ള സർക്കാർ നിലവിൽ വരുന്നതിനുള്ള അവസരം പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്ന പ്രദർശനം എല്ലാവരും കാണണമെന്നഭ്യർത്ഥിക്കുകയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ചരിത്രം ഓരോരുത്തരിലേക്കും എത്തേണ്ടതുണ്ട്.

സാധാരണ മനുഷ്യരുടെ നേട്ടങ്ങളാണ് ഈ പ്രദർശനത്തിന്റെ പ്രധാന ആകർഷണമെന്നും ഗവർണർ പറഞ്ഞു. ഏറെ സന്തോഷത്തോടെ വരുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിലാകും തന്റെ സമ്മതിദാന അവകാശം രേഖപ്പെടുത്തുകയെന്നും ഗവർണർ പറഞ്ഞു.

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രമുൾക്കൊള്ളുന്ന ഫോട്ടോ പ്രദർശനം, ഡിജിറ്റൽ ആർക്കൈവ്സ്, സൊല്യൂഷൻ എന്നിവയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. തെരഞ്ഞെടുപ്പിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവന നൽകിയവർക്കുള്ള പുരസ്‌കാരങ്ങളും ഗവർണർ ചടങ്ങിൽ വിതരണം ചെയ്തു.

ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു ഖേൽക്കർ സ്വാഗതമാശംസിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആശംസയും ജില്ലാ കളക്ടർ അനുകുമാരി നന്ദിയും അറിയിച്ചു. 2011 മുതൽ വർഷം തോറും ജനുവരി 25 നാണ് ദേശീയ വോട്ടർ ദിനം ആചരിക്കുന്നത്.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിൽ ഓരോ വോട്ടിന്റെയും പ്രാധാന്യം ഉയർത്തിക്കൊണ്ട് ഇന്ത്യ ദേശീയ വോട്ടർ ദിനം ആചരിക്കുന്നു. 1950 ജനുവരി 25 ന് സ്ഥാപിതമായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആചരിക്കുന്നത്. വോട്ടിന് സമാനമായി ഒന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യുന്നു’ എന്നതാണ് ഇത്തവണത്തെ ആശയം. കഴിഞ്ഞ വർഷത്തെ പ്രമേയത്തിന്റെ തുടർച്ചയാണിത്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും വോട്ടർമാരുടെ അവകാശം വിനിയോഗിക്കുന്നതിൽ അഭിമാനിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രമേയത്തിന്റെ അടിസ്ഥാനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം...

കൊച്ചിയില്‍ എഎച്ച്പിഐയുടെ അന്താരാഷ്ട്ര കോണ്‍ക്ലേവ്

കൊച്ചി: കൊച്ചിയില്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ് സംഘടിപ്പിക്കുവാനൊരുങ്ങി അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്...

റഷാദീസ് സൗഹൃദ സംഗമവും ഖുർആൻ വിരുന്നും

കൊല്ലം: റഷാദീസ് സൗഹൃദ സംഗമവും ഖുർആൻ വിരുന്നും ബുധനാഴ്‌ച. കൊല്ലം കർബല...

പഞ്ചാരക്കൊല്ലിയിൽ ചത്ത കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കഴുത്തിലെ...
Telegram
WhatsApp