
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഹരിത പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ “ശുചിത്വ പൊങ്കാല പുണ്യ പൊങ്കാല ” എന്ന ബോധവത്കരണ ക്യാമ്പയിൻ ആരംഭിച്ചു.
ഹരിത കർമ്മ സേന അംഗങ്ങളാണ് വീടുകൾ തോറും ഫേസ് ടു ഫേസ് ക്യാമ്പയിനി൦ഗ് നടത്തുന്നത്.
അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ സേനാംഗങ്ങൾ വീട്ടിൽ എത്തുന്ന സമയത്ത് പൊങ്കാലയ്ക്ക് പാലിക്കേണ്ട ഹരിതചട്ടത്തെ പറ്റി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നുണ്ട്. ജില്ലയിലെ 73 പഞ്ചായത്തുകളിലും കോർപ്പറേഷനിലും മുൻസിപ്പാലിറ്റികളിലും ഹരിത കർമ്മ സേന മാസ്സ് ക്യാമ്പയിൻ നടത്തുന്നുണ്ട്.
പൊങ്കാലയ്ക്ക് പോകുന്നവർ പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കി സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്, തുണിസഞ്ചി എന്നിവ കയ്യിൽ കരുതണം. ഏതെങ്കിലും അജൈവ വസ്തു അവശേഷിക്കുന്നുണ്ടെങ്കിൽ അവ വലിച്ചെറിയാതെ തിരികെ ഹരിത കർമ്മ സേനയെ ഏൽപ്പിക്കണം. പരിസരം ശുചിയായി സൂക്ഷിക്കണമെന്നും ഭക്ഷണം, വെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്നവർ പൂർണ്ണമായും ഹരിതചട്ടം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് ഹരിത കർമ്മ സേന അംഗങ്ങൾ നേരിട്ട് വീടുകളിൽ അറിയിക്കുന്നത്.
ജില്ലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും ജില്ലാ ശുചിത്വമിഷൻ ക്യാമ്പയിൻ നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിൽ എത്തുന്ന ഭക്തർക്ക്, ആറ്റുകാൽ പൊങ്കാലയുമായും മറ്റ് ക്ഷേത്ര ഉത്സവങ്ങളുമായും ബന്ധപ്പെട്ട് ഹരിത പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കികൊടുക്കുന്നതാണ് പരിപാടി. ഇതോടനുബന്ധിച്ച് ഹരിതകർമ്മസേന അംഗങ്ങൾ സ്കിറ്റുകളും അവതരിപ്പിക്കുന്നുണ്ട്.
കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സന്ദേശ പ്രചാരണത്തിന്റെ വീഡിയോയും ഷോർട്ട് ഫിലിമും ജില്ലാ ശുചിത്വ മിഷന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.


