
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍റെ പിതാവ് അബ്ദുല്‍ റഹിം സൗദിയിൽ നിന്ന് നാട്ടിലെത്തി. മാമില്‍ നിന്നും 7.45നാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സാമൂഹ്യപ്രവർത്തകരുടെ ഇടപെടലിന് പിന്നാലെയാണ് പിതാവിന് നാട്ടിലേക്കെത്താനുള്ള വഴിയൊരുങ്ങിയത്.
ഇവിടെ നിന്ന് പാങ്ങോട്ടെത്തി കൊല്ലപ്പെട്ട ഉറ്റവരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിച്ചു.അതിനു ശേഷം ഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമിയെ കാണാൻ ബന്ധുക്കളോടൊപ്പം എത്തി. കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമി ഭർത്താവിനോട് പറഞ്ഞത്. കൂടാതെ ഇളയ മകൻ അഫ്സാനെ കാണണമെന്നും അഫാനെ കുറിച്ച് ഭർത്താവിനോട് തിരക്കുകയും ചെയ്തു. ഷെമീയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട്. റഹീമിന്റെ കൂടെ ഉണ്ടായിരുന്ന ബന്ധുവാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്.
അതെ സമയം കൊലപാതകത്തിൽ പ്രതി അഫാന്റെ മൊഴി പുറത്തുവന്നു. പ്രതി പാങ്ങോട് പോലീസിൽ പറഞ്ഞ മൊഴിയാണ് പുറത്തുവന്നത്. സഹോദരൻ അഫ്സാനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്താൻ ധൈര്യം കിട്ടാൻ വേണ്ടിയാണ് താൻ മദ്യപിച്ചതെന്ന് പ്രതി പറഞ്ഞു. മാത്രമല്ല സുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അഫാൻ അറിയിച്ചുവെന്നും മൊഴിയിൽ പറയുന്നു. ഇത് കേട്ട ഫർസാന ഇനി നമ്മൾ എങ്ങനെ ജീവിക്കുമെന്ന് അഫാനോട് ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കസേരയിൽ ഇരുന്ന ഫർസാനയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും മൊഴിയിൽ പറയുന്നു.


