
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസില്‍ 1343 കേസുകള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. എന്നെയൊന്നു പറ്റിച്ചോളൂ എന്ന് പറഞ്ഞ് പോയി നിൽക്കാതിരിക്കുകയാണ് വേണ്ടതെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപിക്ക് ആണ് നൽകിയിരിക്കുന്നത്. നല്ല രീതിയിലാണ് അന്വേഷണം നടക്കുന്നത്. 231 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. രജിസ്റ്റർ ചെയ്ത 1343 കേസുകളിൽ 665 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീഡ്, എൻജിഒ കോൺഫഡറേഷൻ എന്നീ സംഘടനകളിലൂടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. 48,384 പേരാണ് തട്ടിപ്പിനിരയായത്. കേസിലെ മുഖ്യ പ്രതികളെല്ലാം അറസ്റ്റിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഡിനേറ്റർമാർക്ക് കമ്മീഷൻ അടക്കം നൽകിയാണ് തട്ടിപ്പ് നടത്തിയത്.


