
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ഹെലികോപ്റ്ററിൽ ഹൃദയം കൊച്ചിയിലേക്ക്. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിൻ്റെ ഹൃദയമാണ് ഇനി മറ്റൊരാളിൽ തുടിക്കാൻ ഒരുങ്ങുന്നത്.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ ഭാഗമായി കിംസ് ആശുപത്രിയിൽ നിന്നാണ് കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് ഹൃദയം കൊണ്ടുവരുന്നത്. ലിസിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്നത്.
33 കാരൻ്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക. ഹയാത്ത് ഹെലിപ്പാഡിൽ ഉച്ചക്ക് എത്തിക്കുന്ന ഹൃദയം, അവിടെനിന്ന് ആംബുലൻസിൽ ലിസി ആശുപത്രിയിൽ എത്തിക്കും.
6 അവയവങ്ങളാണ് ഐസക് ദാനം ചെയ്യുന്നത്. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുന്നത്.







