
തിരുവനന്തപുരം: കവടിയാർ കൗൺസിലർ കെ എസ് ശബരിനാഥന്‍റെ പരാമർശത്തിന് മറുപടിയുമായി വി കെ പ്രശാന്ത്. എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്നായിരുന്നു ശബരിനാഥന്‍റെ പരാമർശം. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി.കെ. പ്രശാന്ത് പറഞ്ഞു.
ശബരിനാഥൻ ഉൾപ്പടെ വിഷയത്തിൽ ബിജെപിക്ക് അനുകൂലമായ നിലപാടുമായി വന്നിരുന്നു. ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥൻ ഉൾപ്പെടെ മാറി. ഇത്തരം തിട്ടൂരങ്ങൾക്ക് ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്‍റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം.
ബിജെപിയുടെ അജണ്ടകൾ കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും എംഎൽഎ പറഞ്ഞു. ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടിയാണ്. എംഎല്‍എ ഹോസ്റ്റലില്‍ ആളുകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ട്. സർക്കാറിന്റെ തദ്ദേശസ്ഥാപനങ്ങളിൽ സൗജന്യമായി ജനപ്രതിനിധികൾക്ക് ഇരിക്കാം. കൗൺസിലർമാർ വാടക കൊടുത്തിട്ടില്ലല്ലോ ഇരിക്കുന്നത്. ഞാൻ ഇരിക്കുന്നത് വാടക കൊടുത്തിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ തന്റെ മുറിക്ക് നിയമപരമായ കാലാവധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാടക കുറഞ്ഞു എന്ന പരാമര്‍ശം ഇന്നലെ മുതല്‍ പ്രചരിക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ വാടക വര്‍ധിപ്പിച്ചാല്‍ നല്‍കാന്‍ തയ്യാറാണ്.
സംസ്ഥാനത്തെ പല എംഎൽഎമാരും ഇത്തരത്തിലുള്ള ഓഫീസ് തന്നെയാണ് ഉപയോഗിക്കുന്നത്. വി കെ പ്രശാന്ത് എംഎൽഎയ്ക്ക് മാത്രമായി ഒരു സൗകര്യം ഒരുക്കിയതല്ല. കഴക്കൂട്ടം സ്വദേശിയായ ഞാന്‍ വട്ടിയൂര്‍ക്കാവ് വീട് വച്ച് താമസിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എന്നെ വ്യക്തിഹത്യ ചെയ്യുന്നു. വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ സൈബർ പോലീസിൽ പരാതി നൽകുമെന്നും വി കെ പ്രശാന്ത് പറഞ്ഞു.







