
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ ക്രമക്കേട് വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്. നടത്താത്ത പരിപാടിക്ക് നന്ദഗോവിന്ദം ഭജന്‍സിന് എട്ടുലക്ഷം കൊടുത്തതായി ബില്ല് തയ്യാറാക്കിയെന്ന ആരോപണത്തിലാണ് ഉദ്യോഗസ്ഥ വീഴ്ചയാണ് സംഭവിച്ചതെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. നന്ദഗോവിന്ദത്തിന് പണം നല്‍കിയിട്ടില്ലെന്നും ആദ്യം പരിപാടി ഏല്‍പിക്കാന്‍ തീരുമാനിച്ചത് നന്ദഗോവിന്ദത്തെ ആയതിനാല്‍ ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റാണ് ഓഡിറ്റര്‍ക്ക് ലഭിച്ചതെന്നും ഇതാണ് പുറത്തുവന്നതെന്നുമാണ് ബോര്‍ഡ് പറയുന്നത്. പണം നല്‍കിയിട്ടില്ലെന്നും പണം നല്‍കിയത് ഇഷാന്‍ ദേവിനാണെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. ഗായകന്‍ ഇഷാന്‍ ദേവ് പരിപാടി നടത്തുന്നതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം രൂപയാണ് നല്‍കിയതെന്നുമാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലെ ആദ്യ എസ്റ്റിമേറ്റില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഇവര്‍ ഒഴിവായി. ഇതിന് പകരമായി ക്ഷേത്ര വാദ്യ കലകള്‍ അരങ്ങേറുകയും ചെയ്തു. എന്നാല്‍ പരിപാടി മാറിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ല. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളുമാണ് ഓഡിറ്റര്‍ക്ക് ലഭിച്ചത്. ഇത് ഉള്‍പ്പെടുത്തി വിജയന്‍ അസോസിയേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നുവെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. കണക്കുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചുവെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു.
കണക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കില്‍ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. എന്നാല്‍ പരിപാടിയില്‍ വന്ന മാറ്റങ്ങള്‍ പരിപാടി പൂര്‍ത്തിയായതിന് ശേഷം ബില്ലുകളിലുണ്ടായ മാറ്റം എന്നിവയൊന്നും ഓഡിറ്റ് സ്ഥാപനത്തെ അറിയിച്ചിരുന്നില്ലെന്നും വളരെ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇക്കാര്യങ്ങള്‍ മാറ്റാന്‍ കഴിയാത്തത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചതായും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ച് വിശദീകരണം നടത്തേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് ബോര്‍ഡ് ആണെന്നും ബോര്‍ഡ് ഇക്കാര്യത്തില്‍ മറുപടി പറയുമെന്നും വി.എന്‍ വാസവന്‍ ചൂണ്ടിക്കാണിച്ചു. ബോര്‍ഡ് അഡ്വാന്‍സ് പൈസ തിരിച്ചു കൊടുത്തു എന്നാണ് കിട്ടിയ മറുപടി. സ്‌പോണ്‍സറുടെ പൈസ കൊണ്ടാണ് പരിപാടി നടന്നത്. താന്‍ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയുമെന്നും വാസവന്‍ ചോദിച്ചിരുന്നു.
അതേസമയം ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണക്ക് തള്ളുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. സംഗമത്തിന് ചെലവായത് 10.99 കോടിയാണെന്നും ഇതില്‍ 4.35 കോടി രൂപ ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അയ്യപ്പസംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്ത് പ്രതികരിച്ചു.










