മാലിദ്വീപ് : ജനകീയ പ്രതിഷേധങ്ങള്‍ക്കിടെ പിടിച്ചുനില്‍ക്കാനാകാതെ നാടുവിട്ട ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ താമസിക്കുന്നത് മാലിദ്വീപിലെ അത്യാഡംബര റിസോര്‍ട്ടില്‍. ബിസിനസ് ഭീമന്‍ മുഹമ്മ് അല ജാനയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് ഗോതബയ എത്തിയത്. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഈ വ്യവസായി.ഒരു രാത്രി തങ്ങുന്നതിന് ആറ് ലക്ഷം രൂപ വിലയുള്ള മുറികളുള്ള റിസോര്‍ട്ടിലാണ് ഗോതബയയുടെ താമസം.
രാജപക്‌സെയ്ക്കും കുടുംബത്തിനും പ്രവേശനം അനുവദിച്ചതില്‍ മാലിദ്വീപ് സര്‍ക്കാര്‍ ശ്രീലങ്കന്‍ പൗരന്മാരില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് നേരിടുന്നത്.ഗോതബയ രജപക്‌സെ അല്‍പ സമയത്തിനുള്ളില്‍ തന്നെ രാജി കൈമാറുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ നിന്നും പുറത്തുവരുന്നത്.ഇതിനിടെ രജപക്‌സെയെ രാജ്യം വിടാന്‍ സഹായിച്ചത് ഇന്ത്യയാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രസിഡന്റ് രാജ്യം വിട്ടതിന് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അനിശ്ചിത കാലത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതായി പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ ഓഫിസ് അറിയിച്ചു.